ഇടുക്കി: സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പ് എട്ട് വര്‍ഷമായി ശമ്പളം നല്‍കുന്നില്ലെന്ന് പരാതി. രണ്ട് മാസത്തിനകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ശമ്പളം നല്‍കുന്ന കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും പരസ്‌പരം നടപടി നീട്ടി കൊണ്ടുപോകുന്നതായി അധ്യാപികയായ ജയന്തി കുമാരി ആരോപിച്ചു. പൂപ്പാറ പഞ്ചായത്ത് എല്‍ പി സ്‌കൂളില്‍ 2012 ല്‍ പ്രീ പ്രൈമറി അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചതാണ് നെടുംങ്കണ്ടം മേലേവട്ടക്കാലായില്‍ ജയന്തി കുമാരി.
സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് 8 വര്‍ഷമായി ശമ്പളം നല്‍കുന്നില്ലെന്ന് പരാതി ജോലിയില്‍ പ്രവേശിച്ച് എട്ട് വര്‍ഷമായിട്ടും ഈ അധ്യാപികയ്‌ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് സമാന രീതിയില്‍ ശമ്പളം ലഭിക്കാത്ത ജില്ലയിലെ സ്‌കൂള്‍ ജീവനക്കാരും ജയന്തിയും ഉള്‍പ്പെടെ കോടതിയെ സമീപിച്ചത്.
2019 ല്‍ ഇവര്‍ക്ക് അനുകൂലമായി കോടതി വിധി വന്നു. രണ്ട് മാസത്തിനുള്ളില്‍ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഉത്തരവ് ഇറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പൊതു വിദ്യാഭ്യാസ വകുപ്പോ സര്‍ക്കാരോ കോടതി ഉത്തരവ് നടപ്പിലാക്കി ശമ്പളം നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
ശമ്പള പ്രശ്‌നം കാണിച്ച് എംഎല്‍എയ്‌ക്കും മന്ത്രി റോഷി അഗസ്റ്റിനും ജയന്തി നിവേദനം സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഏഴ് ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപ ശമ്പള കുടിശ്ശിക ജയന്തിയ്‌ക്ക് നല്‍കാനുണ്ട്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിധവയായ ജയന്തി വാടക വീട്ടിലാണ് താമസിച്ച് വരുന്നത്.
സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും തന്നെ കബളിപ്പിക്കുകയാണെന്ന് ജയന്തി പറയുന്നു. പ്രശ്‌നത്തില്‍ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് ഇടപ്പെട്ട് ഇവര്‍ക്കൊപ്പം രംഗത്തെത്തി. സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും ഇടപെട്ട് ശമ്പളം ലഭ്യമാകുന്നതിനുള്ള നടപടി എടുക്കണമെന്നതാണ് ജയന്തിയുടെ ആവശ്യം.