ചരിത്രം തിരുത്തി എസ്‌എംവി ബോയ്‌സ് സ്‌കൂള്‍; ഇനി പെണ്‍കുട്ടികളും പഠിക്കും തിരുവനന്തപുരം:ചരിത്ര പ്രസിദ്ധമായ തിരുവനന്തപുരം എസ്എംവി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറികളില്‍ ആണ്‍കുട്ടികളുടെ കൂടെ ഇനി മുതല്‍ പെണ്‍കുട്ടികളുടെ ശബ്‌ദവുമുയരും. ആയിരത്തിലധികം ആണ്‍കുട്ടികള്‍ പഠിക്കുന്ന എസ്എംവി സ്‌കൂളിനെ മിക്‌സഡ് സ്‌കൂള്‍ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആറ്, എട്ട്, ഒന്‍പത് ക്ലാസുകളിലേക്കായി നാല് പെണ്‍കുട്ടികള്‍ എത്തിയത്. എസ്എംവി സ്‌കൂളിന്‍റെ ചരിത്രത്തിലെ തന്നെ ഒരു സുപ്രധാന നിമിഷമായിരുന്നു അത്.
എസ്‌എംവി സ്‌കൂളിന് ചരിത്ര നിമിഷം:തിരുവനന്തപുരം നഗരത്തിലെ പ്രധാന ബോയ്‌സ് സ്‌കൂള്‍ എന്ന പേര് ഇനി ചരിത്രം മാത്രമാകും. പുതിയ അധ്യയന വര്‍ഷം മുതല്‍ മിക്‌സഡ് സ്‌കൂള്‍ ആയി പ്രഖ്യാപിച്ച എസ്എംവിയിലേക്ക് ആറ്, എട്ട് ക്ലാസുകളിലേക്കായി ഓരോ പെണ്‍കുട്ടിയും ഒന്‍പതാം ക്ലാസിലേക്ക് രണ്ട് പെണ്‍കുട്ടികളുമാണ് അഡ്‌മിഷന്‍ എടുത്തത്. 1919ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്‍റെ 60ാം ജന്മദിന സ്‌മാരകമായാണ് ശ്രീ മൂല വിലാസം സ്‌കൂള്‍ എന്ന എസ്എംവി സ്‌കൂള്‍ സ്ഥാപിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വരെ 1200ല്‍ പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന എസ്എംവി സ്‌കൂളിലെ പുതിയ മാറ്റം വിദ്യാര്‍ഥികളില്‍ പുതിയ കാഴ്‌ചപ്പാട് രൂപീകരിക്കുന്നതിനും മറ്റും ഗുണകരമാവുമെന്നാണ് അധ്യാപകര്‍ പറയുന്നത്. നിലവില്‍ അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കയ്യടികളോടെയും കൈ ചേര്‍ത്ത് പിടിച്ചുമാണ് പുതിയ കൂട്ടുകാരെ എസ്എംവിയിലെ വിദ്യാര്‍ഥികളും സ്വാഗതം ചെയ്‌തത്.
മാറ്റം അനിവാര്യം: പുതിയ കൂട്ടുകാരെ കിട്ടിയതില്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം സ്‌കൂളിന്‍റെ മാറ്റത്തെ ആവേശത്തോടെയാണ് കാണുന്നത്. രക്ഷിതാക്കളും സ്‌കൂളിന്‍റെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് സ്വാഗതം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ കൂടി സ്‌കൂളിലേക്ക് വരുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.
പുതിയ വിദ്യാര്‍ഥികളെ ആഘോഷത്തോടെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍. മന്ത്രിമാരെയും സ്‌കൂളിന്‍റെ മുന്‍ അധികാരികളായ തിരുവിതാംകൂര്‍ രാജഭരണത്തിലെ അംഗങ്ങളെയും ഉള്‍പെടുത്തി ആഘോഷം നടത്താനാണ് ആലോചിക്കുന്നത്.
അധ്യയന ദിനങ്ങള്‍ 205 അക്കാന്‍ തീരുമാനം: അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി അധ്യാപക സംഘടനകളുടെ യോഗത്തില്‍ 2023-24 അക്കാദമിക വര്‍ഷത്തെ അധ്യയന ദിനങ്ങള്‍ 205 അക്കാന്‍ തീരുമാനിച്ചിരുന്നു. മുഴുവന്‍ ശനിയാഴ്‌ചകളും അധ്യയന ദിവസങ്ങളാണെന്ന പ്രചാരണം ശരിയല്ലെന്നും അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്‌ചകളില്‍ 13 ശനിയാഴ്‌ചകള്‍ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്‌ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിര്‍ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്‌ചയില്‍ അഞ്ച് ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്‌ചകളില്‍ ശനിയാഴ്‌ച പഠന ദിവസമാക്കിയിട്ടുള്ളത്. 2022-2023 അക്കാദമിക വര്‍ഷത്തില്‍ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിലുണ്ടായിരുന്നത്. അതിനോടൊപ്പം നാല് ശനിയാഴ്‌ചകള്‍ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങളാണ് നിലവിലെ 2022-23 അക്കാദമിക വര്‍ഷങ്ങളിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്‌ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങളാണുണ്ടാവുക.