ഇടുക്കി: സംഗീതം നല്ലൊരു ജീവിതം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഭിന്നശേഷിക്കാരനായ ഗിരീഷ്. നെടുങ്കണ്ടം മുണ്ടിയെരുമയിലെ വാടക വീട്ടിലിരുന്ന് ഗിരീഷ് പാടുന്നത് നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ്. സംഗീതം തനിയ്ക്ക് അവസരങ്ങള്‍ നല്‍കുമെന്ന് ഈ യുവാവ് വിശ്വസിക്കുന്നു. ചെറുപ്പ കാലത്ത് ഉണ്ടായ കുടുംബ പ്രശ്‌നങ്ങളാണ് പുതിയേടത്ത് പുത്തന്‍ വീട്ടില്‍ ഗിരീഷിന്‍റെ ജീവിതം മാറ്റി മറിച്ചത്. അഞ്ചാം വയസില്‍ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. നിരവധി പ്രതിസന്ധികള്‍ കുടുംബത്തിന് നേരിടേണ്ടിവന്നു. പാഠഭാഗങ്ങള്‍ ഓര്‍ത്തുവെയ്ക്കുവാന്‍ ഗിരീഷിന് സാധിക്കുമായിരുന്നില്ല. ഇക്കാരണത്താല്‍ പഠനത്തില്‍ ശോഭിക്കാന്‍ ആയില്ല. കല്ലാര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭിന്നശേഷിയുള്ള കുട്ടികളെ പരിശീലിപ്പിച്ചിരുന്ന അധ്യാപകരാണ് ഗിരീഷിലെ പാട്ടുകാരനെ കണ്ടെത്തിയത്.
വാടക വീട്ടിലിരുന്ന് ഗിരീഷ് പാടുന്നു... നല്ലൊരു ജീവിതം സ്വപ്‌നം കണ്ട്... - ഭിന്നശേഷിക്കാരനായ ഗിരീഷ്
കല്ലാര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഭിന്നശേഷിയുള്ള കുട്ടികളെ പരിശീലിപ്പിച്ചിരുന്ന അധ്യാപകരാണ് ഗിരീഷിലെ പാട്ടുകാരനെ കണ്ടെത്തിയത്
നെടുങ്കണ്ടം ബിആര്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ ഗിരീഷിന് പാടാന്‍ അവസരം നല്‍കാറുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളില്‍ പ്രത്യേകമായി ക്ഷണിക്കും. കഴിഞ്ഞ 20 വര്‍ഷത്തോളമായി വാടക വീട്ടിലാണ് ഗിരീഷും മാതാവ് ലതികയും കഴിയുന്നത്. വയോധികയായ മാതാവ് തൊഴിലുറപ്പ് ജോലികള്‍ക്ക് പോകുന്നതാണ് കുടുംബത്തിന്‍റെ ഏക വരുമാനം. തുഛമായ വരുമാനത്തില്‍ നിന്നും മാസം 750 രൂപ വാടകയ്ക്കായി മാറ്റണം. നിരവധി തവണ, പഞ്ചായത്തില്‍ നിന്ന് വീടിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റിയ്ക്ക് സമീപം അല്‍പം ഭൂമി ഇവര്‍ക്കുണ്ടെങ്കിലും ഇത് വീട് നിര്‍മിക്കാന്‍ അനുയോജ്യമായതല്ല. പാടാന്‍ അവസരങ്ങള്‍ ലഭിച്ചാല്‍ സ്വന്തമായൊരു വീടെന്ന സ്വപ്‌നം സാധ്യമാകുമെന്നാണ് ഗിരീഷിന്‍റെ പ്രതീക്ഷ. സമൂഹ മാധ്യമങ്ങളില്‍ ഈ യുവാവിന്‍റെ പാട്ടുകള്‍ വൈറലാണ്. മികച്ച പിന്തുണയുമായി സുഹൃത്തുക്കള്‍ ഗിരീഷിനൊപ്പമുണ്ട്. അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഗിരീഷ്.