ഇടുക്കി: കുമളിയില്‍ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 3.2 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഓപ്പറേഷന്‍ ലോക്ക് ഡൗണിന്‍റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് പച്ചക്കറി വണ്ടിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. കോട്ടയം മൂന്നിലവ് സ്വദേശി ശ്രീജിത്ത്, കിടങ്ങൂര്‍ സ്വദേശി സതീഷ് എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ച്ചയായി രണ്ടാം ദിവസവും ചെക്‌പോസ്റ്റില്‍ പച്ചക്കറി വണ്ടികളില്‍ നിന്നായി അഞ്ചരക്കിലോ കഞ്ചാവ് പിടികൂടിയതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസ്. കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് ഇവര്‍ ലോറിയുടെ കാബിനില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
Also Read:ഇടുക്കിയില്‍ 20 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയുമായി ഒരാള്‍ പിടിയില്‍
ഇവരില്‍ നിന്നും കണ്ടെത്തിയ കഞ്ചാവ് ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കോട്ടയത്തെ വിവിധ സ്ഥലങ്ങളില്‍ ചില്ലറ വില്‍പ്പന നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതികൾ മൊഴി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലേക്ക് പച്ചക്കറി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മാത്രമാണ് എത്തുന്നത്. പച്ചക്കറികള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കില്ലെന്ന ഉറപ്പിന്‍മേലാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ പച്ചക്കറി വാഹനം തന്നെ തെരഞ്ഞെടുത്തത്. വാഹനയുടമ അറിയാതെയാണ് ഇവരുടെ കഞ്ചാവ് കടത്തെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read:ആൾത്താമാസമില്ലാത്ത വീട്ടിൽ നിന്നും 30 ലിറ്റർ കോട പിടിച്ചു
കഴിഞ്ഞ ഞായറാഴ്‌ചയും സമാനമായ രീതിയില്‍ വാഴക്കുലകള്‍ക്കിടയില്‍വെച്ച് രണ്ട് കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. പ്രതികള്‍ വാഹനത്തില്‍ കൊണ്ടുവന്ന പച്ചക്കറികള്‍ എക്‌സൈസ് ലേലം ചെയ്‌തു.