ഇടുക്കി: വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട. റിസോർട്ട് കേന്ദ്രീകരിച്ച് നടന്ന നിശാ പാർട്ടിയിലാണ് ജില്ല നാർക്കോട്ടിക് സെല്ലിന്‍റെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയത്. നിശാ പാർട്ടിക്ക് പിന്നിൽ ഒമ്പത് പേരെന്ന് പൊലീസ്. ഇവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാർട്ടി സംബന്ധിച്ച വിവരം പ്രതികൾ പങ്ക് വച്ചത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 പേരെയാണ് പൊലീസ് പിടികൂടിയത്.
വാഗമണ്ണിലെ നിശാ പാർട്ടിക്ക് പിന്നിൽ ഒമ്പത് പേരെന്ന് പൊലീസ്
വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിലാണ് റെയ്‌ഡ് നടന്നത്. എൽഎസ്‌ഡി സ്റ്റാമ്പ്, ഹെറോയിൻ, ഗം, കഞ്ചാവ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്
ഒമ്പത് പേർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുക്കുക. സിപിഐ പ്രാദേശിക നേതാവും ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി കുറ്റിക്കാടിന്‍റേതാണ് റിസോർട്ട്. ഇതിനുമുമ്പും ഇവിടെ നിശാ പാർട്ടി നടത്തിയിരുന്നു. ഞായറാഴ്‌ച വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടന്നത്. എൽഎസ്‌ഡി സ്റ്റാമ്പ്, ഹെറോയിൻ, ഗം, കഞ്ചാവ് തുടങ്ങിയവയാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിലാണ് റെയ്‌ഡ് നടന്നത്. ചോദ്യം ചെയ്യലിനുശേഷം മയക്കുമരുന്ന് എത്തിച്ച സംഘത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. റിസോർട്ട് ജീവനക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കും. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി സംഘടിപ്പിച്ചതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി പൊലീസ് ജില്ലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. സംഘത്തിൽ സിനിമ, സീരിയൽ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്.