ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിൽ കഞ്ചാവ്, ലഹരി മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം മാഫിയ സംഘം വ്യാപാരി ഉൾപ്പെടെ മൂന്ന് പേരെ മർദ്ദിച്ചു. ലഹരി മാഫിയയെ നിയന്ത്രിക്കാൻ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിലും പരിസര പ്രദേശങ്ങളിലും നാളുകളായി മയക്കുമരുന്ന്, കഞ്ചാവ് മാഫിയയുടെ പ്രവർത്തനങ്ങൾ രൂക്ഷമാണ്. കൊവിഡ് കാലത്ത് പൊലീസിന്‍റെ പെട്രോളിംഗും നിരീക്ഷണവും സജീവമായിരുന്നതിനാൽ മറ്റു മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. എന്നാൽ പൊലീസിന്‍റെയും എക്സൈസിന്‍റെയും നിരീക്ഷണം കുറഞ്ഞതോടെ സംഘം വീണ്ടും സജീവമായിരിക്കുകയാണ്.
രാമക്കൽമേട്ടിൽ കഞ്ചാവ്, ലഹരി മാഫിയ പിടിമുറുക്കുന്നു - cannabis in idukki
ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിലും പരിസര പ്രദേശങ്ങളിലും നാളുകളായി മയക്കുമരുന്ന്, കഞ്ചാവ് മാഫിയയുടെ പ്രവർത്തനങ്ങൾ രൂക്ഷമാണ്
കോമ്പമുക്ക് ടൗണിൽ അമിതവേഗതയിൽ ബൈക്കിൽ എത്തി അപകടം സൃഷ്ടിച്ച രണ്ടംഗസംഘത്തെ നാട്ടുകാർ രക്ഷിക്കുന്നതിനിടയിൽ സംഘർഷമുണ്ടായിരുന്നു. അപകടമുണ്ടാക്കിയ യുവാക്കൾ രക്ഷിക്കാനെത്തിയ നാട്ടുകാരെ ആക്രമിച്ചു .വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ഇടപെട്ട് ഇവരെ പറഞ്ഞയച്ചു. ഇതിനുശേഷം കട അടച്ചു വീട്ടിലേക്ക് പോയ ചോറ്റുപാറ സ്വദേശി ബൈജുവിനെ എട്ടംഗസംഘം പിന്തുടർന്നു. ബൈജുവിനെ വീട്ടിൽ നിന്നും വലിച്ചിറക്കി ആക്രമിച്ച ശേഷം സംഘം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് സംഘത്തെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
സമീപകാലത്തായി രാമക്കൽമേട് കേന്ദ്രീകരിച്ച് വ്യാപകമായ ആക്രമണമാണ് ലഹരിമരുന്ന് സംഘം നടത്തുന്നത്. രാമക്കൽമേട് സന്ദർശിക്കുവാൻ എത്തുന്ന സഞ്ചാരികൾക്കുൾപ്പെടെ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നതായി നാട്ടുകാർ പറയുന്നു. ഇവർക്ക് എതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപെട്ടു. മേഖലയിൽ മുഴുവൻ സമയം എക്സൈസ്, പൊലീസ് പട്രോളിംഗ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.