ഇടുക്കി: ശാന്തൻപാറ ഐസിഎആർ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനം വിവിധ പരിശീലന പരിപാടികളോടെ ആഘോഷിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾ അന്താരാഷ്ട്ര- ദേശീയ തലങ്ങളിൽ എത്തിക്കുക എന്ന ആശയത്തിലൂന്നി കെവികെയിലും വിവിധ സ്ഥലങ്ങളിലുമായാണ് പരിപാടികൾ നടത്തിയത്. കെവികെയിൽ നടന്ന സമാപന സമ്മേളനത്തിൽ 46 കർഷകർ പങ്കെടുത്തു. യോഗ പരിശീലിക്കേണ്ടതിന്റെ ആവശ്യകത, ചെടികളും മരങ്ങളും സംരക്ഷിക്കുക, കൃഷിയുടെ അനിവാര്യത, ജൈവ കൃഷി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.
രാജകുമാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലും ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. കഴിഞ്ഞ 12 വർഷമായി വിപുലമായ തോതിൽ ഗാന്ധി ജയന്തിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്ന യൂണിറ്റ് കൊവിഡിന്റെ പശ്ചാത്തലത്തിൽ ദിനാചാരണം പരിമിതപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇക്കുറിയും നടക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു.