കേരളം

kerala

സ്റ്റുഡൻസ് പൊലീസ് കേഡറ്റിന് സര്‍ക്കാര്‍ വിവേചനം; പ്രവര്‍ത്തനം അവതാളത്തില്‍

By

Published : Sep 29, 2021, 1:33 PM IST

Updated : Sep 29, 2021, 1:45 PM IST

2014 മുതല്‍ യൂണിറ്റുകള്‍ ആരംഭിച്ച 115 എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ സഹായം നിഷേധിക്കുന്നു

സ്റ്റുഡൻസ് പൊലീസ് കേഡറ്റിന് സര്‍ക്കാര്‍ വിവേചനം; പ്രവര്‍ത്തനം അവതാളത്തില്‍
സ്റ്റുഡൻസ് പൊലീസ് കേഡറ്റിന് സര്‍ക്കാര്‍ വിവേചനം; പ്രവര്‍ത്തനം അവതാളത്തില്‍

ഇടുക്കി:ഒരു വിഭാഗം സ്കൂളുകളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ വിവേചനം. ഏഴ് വര്‍ഷമായി സര്‍ക്കാരിന്‍റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്നത് 115 എയഡഡ് സ്കൂളുകള്‍. 2014ന് ശേഷം യൂണിറ്റുകള്‍ അനുവദിക്കപ്പെട്ടവയാണ് ഇവ. കഴിഞ്ഞ ഏഴ് വര്‍ഷമായി സര്‍ക്കാര്‍ ഇതര സഹായം കൊണ്ടാണ് ഈ എസ്.പി.സികള്‍ പ്രവര്‍ത്തിച്ചിരുന്നത്. കൊവിഡ് സാമ്പത്തിക പ്രതിസന്ധിയോടെ അധ്യാപക - പിടിഎ - സന്നദ്ധ സഹായവും നിലച്ചതോടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് സഹായം ലഭിക്കാത്ത എസ്.പി.സികള്‍.

എന്താണ് എസ്.പി.സി

2008മുതലാണ് സംസ്ഥാനത്ത് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് എന്ന വിഭാഗം ആരംഭിക്കുന്നത്. സുരക്ഷിത ബോധം, നിയമ പരിജ്ഞാനം, സാമൂഹിക അവബോധം, സാമൂഹിക സേവന സന്നദ്ധത തുടങ്ങിയവ കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊലീസ്, വിദ്യാഭ്യാസ വകുപ്പിന്‍റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കേരളം കണ്ട നിരവധി ദുരിതയിടങ്ങളില്‍ എസ്.പി.സിയുടെ സേവനം ശ്രദ്ധേയമായിരുന്നു.

ഒരു സ്കൂളിന് ചെലവ് രണ്ടര ലക്ഷം

2010ഓടെ പദ്ധതിയില്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ കൂടുതലായി ഉണ്ടാവുകയും സര്‍ക്കാര്‍ സഹായം വ്യാപകമാക്കുകയും ചെയ്തു. ഒരു സ്കൂളിലെ എസ്.പി.സി യൂണിറ്റിന് രണ്ടര ലക്ഷം രൂപവരെ ചെലവ് വരുന്നുണ്ട്. കുട്ടികളുടെ യൂണിഫോം, ഭക്ഷണം, മറ്റു ചെലവുകള്‍ എന്നിങ്ങനെ കണക്കാക്കിയാണ് ഇത്. ഈ തുക സര്‍ക്കാരാണ് നല്‍കുന്നത്.

സ്റ്റുഡൻസ് പൊലീസ് കേഡറ്റിന് സര്‍ക്കാര്‍ വിവേചനം; പ്രവര്‍ത്തനം അവതാളത്തില്‍

2014 വരെ യൂണിറ്റുകള്‍ ആരംഭിച്ച എല്ലാ സര്‍ക്കാര്‍ - എയ്ഡഡ് സ്കൂളുകള്‍ക്കും ഈ സഹായം വിവേചനമില്ലാതെ ലഭിച്ചിരുന്നു. എന്നാല്‍ 2014ന് ശേഷം യൂണിറ്റ് ആരംഭിച്ച 115 എയ്ഡഡ് സ്കൂളുകള്‍ക്കാണ് വര്‍ഷം ഏഴ് കഴിഞ്ഞിട്ടും സഹായമൊന്നും ലഭിക്കാത്തത്. എന്നാല്‍ സേവനവും പ്രവര്‍ത്തനമൊക്കെ മറ്റു എസ്.പി.സികളുടേത് പോലെ തന്നെ. അധ്യാപകരും പിടിഎയും മറ്റു സന്നദ്ധ സേവന പ്രവര്‍ത്തകരും സഹായിച്ചാണ് സഹായം ലഭിക്കാത്ത ഓരോ സ്കൂളിലും യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കൊവിഡ് രൂക്ഷമായി സാമ്പത്തിക പ്രതിസന്ധി വന്നതോടെ സഹായം മുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മാനേജ്മെന്‍റ് പ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ പരിപാടിയില്‍ 167 സ്കൂളുകളില്‍ കൂടി എസ്.പി.സി യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് ഇതിന്‍റെ ജനകീയതയും സ്വീകാര്യതയും വ്യക്തമാക്കുന്നു. എന്നിട്ടും ഫണ്ട് മുടങ്ങുന്ന സ്കൂളുകളെ സഹായിക്കാൻ സര്‍ക്കാര്‍ തയ്യാറാവാത്തതിനെതിരെ പ്രതിഷേധത്തിലാണ് മാനേജ്മെന്‍റുകളും അധ്യാപകരും.

കൂടുതല്‍ വായനക്ക്: സിൽവർ ലൈന്‍ റെയില്‍ പദ്ധതി: 2,100 കോടി രൂപ കിഫ്‌ബി വായ്‌പ നല്‍കും

Last Updated : Sep 29, 2021, 1:45 PM IST

ABOUT THE AUTHOR

...view details