ഇടുക്കി: ചിന്നക്കനാലിലെ ആദിവാസി മേഖലയിൽ ആൾ താമസമില്ലാത്ത സ്ഥലത്ത് കോടികണക്കിന് രൂപയുടെ വികസനം നടത്തിയെന്ന് കാണിച്ച് കോടികൾ തട്ടിയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം. 2018 ലാണ് ആൾ താമസമില്ലാത്ത കോളനികളിൽ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം കോടികളുടെ വികസനം നടത്തിയെന്ന് കാണിച്ച് ഫണ്ട് തട്ടയെടുത്തത്. ആളില്ലാത്ത ഈ മേഖലയില്‍ വീടുകളും കുടിവെള്ളവും അടക്കം കോടികളുടെ വികസനം നടത്തിയെന്ന് കാണിച്ച് തുക ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നായിരുന്നു പരാതി. പണി തീരാതെ ഉപേക്ഷിച്ച വീടുകള്‍ പോലും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി കാണിച്ച് ഫണ്ട് മാറിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം പകുതി വഴിക്ക് നിന്നെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല.
2003ലാണ് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ചിന്നക്കനാല്‍ വില്ലേജിലെ ചിന്നക്കനാല്‍, സിങ്കുകണ്ടം, മുന്നൂറ്റിയൊന്ന് കോളനി എന്നിവടങ്ങളിലായി ഒരേക്കര്‍ വീതം സ്ഥലം നല്‍കി 506 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. എന്നാല്‍ കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് നിന്നും ആദിവാസി കുടുംബങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് മറ്റ് മേഖലകളിലേയ്ക്ക് പോയി. മുന്നൂറ്റിയൊന്ന് കോളനിയില്‍ ഇനിയാകെയുള്ളതാകട്ടെ പതിനാല് കുടംബങ്ങള്‍ മാത്രമാണ്. ഇവിടെയാണ് കോടികളുടെ വികസന പ്രവൃത്തികൾ കാണിച്ച് പണം തട്ടിയത്.