ഇടുക്കി: കേരള കോണ്‍ഗ്രസിന്‍റെ പുതിയ ഭരണസമിതിയിൽ അതൃപ്‌തി പരസ്യമാക്കി ഫ്രാൻസിസ് ജോർജ്. തന്‍റെ നിലപാടുകൾ പാർട്ടി ചെയർമാൻ പിജെ ജോസഫിനെ അറിയിച്ചിരുന്നു. മോൻസ് ജോസഫിനെ എക്സിക്യുട്ടീവ് ചെയർമാനാക്കിയത് അറിഞ്ഞില്ലെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. കേരള കോൺഗ്രസിൽ നേതൃപദവികൾ തീരുമാനിച്ചതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമാകുന്നത്. ഫ്രാൻസിസ് ജോർജിന് അതൃപ്‌തിയുണ്ടങ്കിൽ സംസാരിച്ച് തീർക്കുമെന്നായിരുന്നു വിഷയത്തിൽ പി.ജെ ജോസഫിന്‍റെ നിലപാട്.
എൽഡിഎഫിൽ നിന്ന് ഫ്രാൻസിസ് ജോർജ് തിരിച്ചെത്തിയത് മുതൽ ജോസഫ് വിഭാഗത്തിൽ ഭിന്നത രൂക്ഷമായിരുന്നു. രണ്ടാം സ്ഥാനത്തെ ചൊല്ലിയായിരുന്നു ഫ്രാൻസിസ് ജോർജും മോൻസ് ജോസഫും തമ്മിലെ പിടിവലി. എന്നാൽ പിജെ ജോസഫ് കഴിഞ്ഞാൽ പാർട്ടിയിലെ പ്രബലൻ മോൻസാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഏതാണ്ട് വ്യക്തമായിരുന്നു. പി ജെ ജോസഫ് കോവിഡ് ബാധിതനായി ചികിൽസയിലായിരുന്നപ്പോൾ സീറ്റ് വിഭജന ചർച്ചയിലടക്കം പങ്കെടുത്തത് മോൻസ് ജോസഫായിരുന്നു.