ഇടുക്കി : ജില്ലയില്‍ നടത്തിയ വ്യാപക റെയ്‌ഡില്‍ തോക്കുകളും മൃഗങ്ങളുടെ കൊമ്പുകളും സൂക്ഷിച്ചതിന് നാല് പേര്‍ അറസ്റ്റില്‍. ജില്ല പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടന്നത്. ലൈസന്‍സില്ലാത്ത തോക്കുകള്‍, ആനക്കൊമ്പ്, മാന്‍കൊമ്പ് എന്നിവയാണ് പൊലീസ് പിടികൂടിയത്.
പിടിച്ചതില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി തോക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ വിവരമാണ് ജില്ല പൊലീസ് മേധാവിയെ റെയ്‌ഡിന് പ്രേരിപ്പിച്ചത്. 63 ഇടങ്ങളിലാണ് റെയ്‌ഡ് നടത്തിയത്.
നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന അഞ്ച് നാടന്‍ തോക്കുകളും, രൂപമാറ്റം വരുത്തിയ ആറ് എയര്‍ ഗണുകളും, 15 ജലാറ്റിന്‍ സ്റ്റിക്കുകളും പിടിച്ചെടുത്തു. റെയ്ഡിനെ തുടര്‍ന്ന് 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റിന് പുറമെ രണ്ട് പേര്‍ക്കെതിരെ കേസും
നാടന്‍തോക്ക് സൂക്ഷിച്ചതിന് കഞ്ഞിക്കുഴി മക്കുവള്ളി വാഴപ്പനാല്‍ വീട്ടില്‍ കുഞ്ഞേപ്പ് (62), വെണ്മണി ഈഴമറ്റത്തില്‍ ബേബി (54) എന്നിവരെയും, നാടന്‍ തോക്കും പിടിയാനയുടെ തേറ്റയും സൂക്ഷിച്ചതിന് ദേവികുളം ചിലന്തിയാര്‍ ലക്ഷ്മണന്‍ (46) ജലാറ്റിന്‍ സ്റ്റിക്ക് കൈവശം സൂക്ഷിച്ചതിന് മുരിക്കാശ്ശേരി ജോസ് പുരത്ത് മൂക്കനാലില്‍ സജി (50) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.
ALSO READ:കേരളം അങ്ങയുടെ കൈകളിലാണ്,നിയമം കരുത്തുറ്റതാകണം ; ഗൗരി നന്ദ മുഖ്യമന്ത്രിയോട്
കൂടാതെ നാടന്‍ തോക്കിന്‍റെ അനുബന്ധ ഭാഗങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ കുടയത്തൂര്‍ അടൂര്‍മല ഭാഗത്ത് ഒറ്റപ്ലാക്കല്‍ വീട്ടില്‍ സുകുമാരന്‍ (64) , നാടന്‍ തോക്കിന്‍റെ അനുബന്ധ ഭാഗങ്ങളും മാന്‍കൊമ്പും സൂക്ഷിച്ചതിന് മൂന്നാര്‍ താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്‍റില്‍ രഘു (35) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
രൂപമാറ്റം വരുത്തിയ എയര്‍ഗണ്‍, എയര്‍പിസ്റ്റള്‍ എന്നിവ കൈവശം വച്ചതിനു കുമളി പൊലീസ് സ്റ്റേഷനില്‍ മൂന്നും മുട്ടം, കരിംകുന്നം പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്ത ആനത്തേറ്റയും മാന്‍കൊമ്പും വനം വകുപ്പിന് കൈമാറി.