മാലിന്യത്തെ ചാക്കിലാക്കി ആദിശ്രീ ഇടുക്കി : നാലാം ക്ലാസുകാരി ആദിശ്രീ അവധി ദിവസങ്ങളിലും തിരക്കിലാണ്. ഗ്ലൗസും ധരിച്ച് ഒരു ചാക്കുമായി റോഡരികിൽ ഈ കൊച്ചു മിടുക്കി ഉണ്ടാവും. തന്നാൽ ആവും വിധം പ്ലാസ്റ്റിക് മാലിന്യങ്ങളോട് പൊരുതുകയാണ് ഈ കുരുന്ന്. നെടുങ്കണ്ടം പച്ചടി സ്‌കൂളിലെ വിദ്യാർഥിയാണ് ആദിശ്രീ (Removes garbage from the road). സ്‌കൂളിലേയ്ക്കുള്ള പതിവ് യാത്രകളിൽ റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്തോടെയാണ് ഇവ നീക്കം ചെയ്യാൻ ഈ മിടുക്കി തീരുമാനിച്ചത്.
അവധി ദിവസങ്ങളിൽ അച്ഛൻ അനിലിനൊപ്പം പാതയോരങ്ങളിൽ എത്തും. റോഡരികിൽ കിടക്കുന്ന പ്ലാസ്റ്റിക്, പേപ്പർ, ചില്ല് മാലിന്യങ്ങൾ ശേഖരിച്ച് ചാക്കിൽ നിറയ്ക്കും. പിന്നീട് ഹരിത കർമ്മ സേനയ്‌ക്ക് ശേഖരിയ്‌ക്കാവുന്ന വിധം ചാക്കുകൾ, നിക്ഷേപിയ്ക്കും. കുമളി നെടുങ്കണ്ടം മൂന്നാർ പാതയിലെയും പച്ചടി പാതയിലെയും മാലിന്യം നീക്കം ചെയ്യാൻ ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ആദിശ്രീ മുഖ്യമന്ത്രിയ്‌ക്ക് കത്ത് അയച്ചിട്ടുണ്ട്. അഞ്ഞൂറിലധികം വൃക്ഷ തൈകൾ പൊതുസ്ഥലങ്ങളിൽ നട്ട് പരിപാലിയ്ക്കുന്നതടക്കം നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതൽ സജീവമാണ് ഈ മിടുക്കി.
മാലിന്യത്തില്‍ നിന്നും പ്രകൃതി വാതകം : മാലിന്യത്തില്‍ നിന്നും പ്രകൃതി വാതകം ഉത്പാദിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. കഴിഞ്ഞ മാസം ചേര്‍ന്ന വ്യവസായ മന്ത്രിയുടെയും തദ്ദേശ മന്ത്രിയുടെയും യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗെയ്ല്‍ ബിപിസിഎല്‍ എന്നീ കമ്പനികളെയാണ് പ്ലാന്‍റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
പ്രതിദിനം കുറഞ്ഞത് 100 ടണ്‍ സംസ്‌കരണ ശേഷിയുള്ള പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ആവശ്യമായ മാലിന്യം ലഭിക്കില്ലെന്ന വിലയിരുത്തലില്‍ കാസര്‍കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളില്‍ പ്ലാന്‍റുകള്‍ ആരംഭിക്കില്ല. കൊച്ചി ബ്രഹ്മപുരത്ത് വരുന്ന മാലിന്യ പ്ലാന്‍റിന്‍റെ ചുമതല ബിപിസിഎല്ലിന് തന്നെ നല്‍കും. കോഴിക്കോടും കണ്ണൂരും നിലവിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ തുടരുകയാണെങ്കില്‍ പ്ലാന്‍റുകള്‍ പരിഗണിക്കില്ല.
പ്ലാന്‍റുകള്‍ നിലവില്‍ വന്നാല്‍ മാലിന്യത്തില്‍ നിന്ന് ജൈവ വളവും കംപ്രസ്‌ഡ് ബയോഗ്യാസും ഉത്പാദിപ്പിക്കപ്പെടും. ഇത് കമ്പനികള്‍ക്ക് വിതരണം ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. പ്ലാന്‍റില്‍ നിന്ന് ലഭിക്കുന്ന ജൈവ വളവും വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിനായി ഫാക്‌ട് എന്ന കമ്പനിയെ ചുമതലപ്പെടുത്താനാണ് ധാരണ. കരാര്‍ ലഭിക്കുന്ന കമ്പനികള്‍ക്കാകും നിര്‍മാണ ചെലവും ചുമതലയും. പ്ലാന്‍റുകളുടെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലവും പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതിയും വെള്ളവും സര്‍ക്കാര്‍ നല്‍കും. പ്ലാന്‍റിലേക്ക് മാലിന്യം തരം തിരിച്ച് എത്തിക്കാനുള്ള ചുമതല നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമാണ്.