ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്‍റെ മകൾക്ക് വനംവകുപ്പിൽ ജോലി ഇടുക്കി:കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട വനംവകുപ്പ് വാച്ചര്‍ ശക്തിവേലിന്‍റെ ഇളയ മകള്‍ക്ക് വനംവകുപ്പില്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍. വേദനകള്‍ക്കിടയിലും ശക്‌തിവേലിന്‍റെ കുടുംബത്തിന് ആശ്വാസം പകരുന്നതാണ് സർക്കാർ തീരുമാനം. ശക്തിവേലിന് ഏറെ ഇഷ്‌ടപ്പെട്ട ജോലിയായിരുന്നെന്നും വനംവകുപ്പില്‍ തന്നെ മകള്‍ക്ക് ജോലി ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഭാര്യ ശാന്തി പറഞ്ഞു.
ശക്തിവേലെന്ന വനംവകുപ്പ് ജീവനക്കാരന്‍റെ ജീവനും ജീവിതവുമായിരുന്നു വാച്ചർ ജോലി. അതോടൊപ്പം പ്രായമായ അമ്മയും, നാല് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ കരുതലും കാവലുമായിരുന്നു ശക്തിവേൽ. ഇഷ്‌ടപ്പെട്ട ജോലിക്കിടയില്‍ ജീവന്‍ നഷ്‌ടമായപ്പോള്‍ തകര്‍ന്നത് ശക്തിവേലിന്‍റെ കുടുംബമാണ്.
കണ്ണുനീർ തോരാത്ത മുഖവുമായി ശക്തിവേലിന്‍റെ ഓർമ്മകളിൽ കഴിയുകയാണ് ഈ കുടുംബം. നഷ്‌ടം തിരിച്ച് നല്‍കാന്‍ കഴിയില്ലെങ്കിലും സര്‍ക്കാരിന്‍റെ കരുതലുണ്ട് കുടുംബത്തിനൊപ്പം. ആദ്യഘട്ട നഷ്‌ടപരിഹാര തുക കൈമാറിയതിനൊപ്പം ശക്തിവേലിന്‍റെ ഇളയ മകളായ രാധികക്ക് വനംവകുപ്പില്‍ ജോലി നല്‍കുമെന്ന് സർക്കാർ ഉറപ്പ് നൽകി.
കുമുദ, വനിത, പ്രിയ, രാധിക എന്നീ നാല് പെണ്‍മക്കളാണ് ശക്തിവേലിന്. ഇതില്‍ മൂന്ന് പേരുടേയും വിവാഹം കഴിഞ്ഞു. ഏറ്റവും ഇളയ മകളാണ് രാധിക. അച്ഛന്‍റെ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്‌ത് അച്ഛനെപ്പോലെ കുടുംബത്തെ നോക്കണമെന്നാണ് രാധികയുടെ ആഗ്രഹം.
സഹായവുമായി ലാൻഡ് ഫ്രീഡം മൂവ്‌മെന്‍റ്:ശക്തിവേലിന്‍റെ കുടുംബത്തിന് ധനസഹായവുമായി ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്‌മെന്‍റ് രംഗത്ത് വന്നിരുന്നു. ശക്തിവേലിന്‍റെ വീട്ടിൽ നേരിട്ടെത്തിയായിരുന്നു ലാൻഡ് ഫ്രീഡം മൂവ്മെന്‍റ് ധനസഹായം നൽകിയത്.
നിരാഹാര സമരവുമായി ഡിസിസി, വിമർശിച്ച് സിപിഎം: കാട്ടാന വിഷയത്തില്‍ സര്‍വ്വകക്ഷി യോഗ തീരുമാനം അവഗണിച്ച് കോൺഗ്രസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തെ വിമര്‍ശിച്ച് സിപിഎം രംഗത്ത്. എല്ലാം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിന് ശേഷം സമരം നടത്തുന്നത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ മുതലെടുപ്പാണെന്നും തങ്ങള്‍ സമരം നടത്തിയതിലൂടെയാണ് ഇതെല്ലാം പരിഹരിച്ചതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണെന്നും സിപിഎം ആരോപിച്ചു.
കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞ ദിവസം മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്രമണകാരികളായ കാട്ടനകളെ പ്രദേശത്ത് നിന്ന് നീക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഇതിനായി ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം ഉടന്‍ എത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍, ഇതെല്ലാം സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും നടപടികൾ വൈകുന്നുവെന്നും ആരോപിച്ചാണ് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുണ്‍ പൂപ്പാറ ടൗണില്‍ നിരാഹാര സമരം ആരംഭിച്ചത്. ഇതിനെതിരേയാണ് ഇപ്പോള്‍ സിപിഎം വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്.
കാട്ടാനകൾ ജനവാസ മേഖലകളിലേയ്ക്കേ് ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ബി എല്‍ റാവിലെ കാട്ടാന തകര്‍ത്ത വീടുകള്‍ വനംവകുപ്പ് പുനര്‍ നിര്‍മ്മിച്ച് നൽകി. ഇത്തരത്തില്‍ സമയബന്ധിതമായി നടപടികള്‍ പൂര്‍കത്തീകരിക്കുമ്പോള്‍ ഇതിനെതിരെ സമരം നടത്തുന്നത് വിരോധാഭാസമാണ്. സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത് തീരുമാനം അംഗീകരിക്കുകയും പിന്നീട് പുറത്തിറങ്ങി സരമം നടത്തുന്നതും കോണ്‍ഗ്രസിന്‍റെ ഇരട്ടത്താപ്പാണെന്നും സിപിഎം കുറ്റപ്പെടുത്തി.