ഇടുക്കി: ഇടുക്കിയിൽ നിന്നും വീണ്ടും മരംകൊള്ള കഥകൾ. ഇത്തവണ മരങ്ങൾ മുറിച്ച് മാറ്റിയത് മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപത്തെ സർക്കാർ ഭൂമിയിൽ നിന്നും. കോളനിയോട് ചേർന്ന് കിടക്കുന്ന ഉൾപ്രദേശമായ ആനക്കുഴി ഭാഗത്ത് നിന്നും ദശകങ്ങൾ പഴക്കമുള്ള ഇരുനൂറോളം മരങ്ങളാണ് മുറിച്ച് കടത്തിയിരിക്കുന്നത്.
ഏറെ വിവാദത്തിന് വഴിയൊരുക്കിയ മുത്തമ്മ കോളിനിയിലെ മരം മുറിക്ക് പിന്നാലെയാണ് സമാനമായ രീതിയില്‍ ഒരു വര്‍ഷം മുമ്പ് ആനക്കുഴി ഭാഗത്ത് നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയതായുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. മരം മുറിയ്ക്കാൻ ഉദ്ദേശിക്കുന്ന സർക്കാർ ഭൂമിയോട് ചേർന്ന് പട്ടയഭൂമി ഉള്ള ആദിവാസികളെ വശത്താക്കി കരമടച്ച രസീത് കരസ്ഥമാക്കുകയും, പട്ടയഭൂമിയിലെ മരമെന്ന വ്യാജേന കടത്തിക്കൊണ്ട് പോകുകയുമായിരുന്നു. ഭീതിമൂലം ആദിവാസികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ ഇക്കാര്യങ്ങൾ പുറത്തറിയിക്കാൻ മടിക്കുകയായിരുന്നു.