ഇടുക്കി: മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍. വന്യജീവികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നതു മൂലം വായ്‌പയെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ കനത്ത നഷ്‌ടമാണ് നേരിടുന്നത്. ഇക്കാരണത്താല്‍ വായ്‌പ തിരിച്ചടക്കാന്‍ പോലും കഴിയാത്ത സാഹചര്യവുമുണ്ട്.
ജനവാസ മേഖലയില്‍ അക്രമകാരികളായിറങ്ങുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ വൈമുഖ്യം കാട്ടുകയാണ്. സംസ്ഥാനത്തോട് കത്ത് മുഖേന ഇതിന് അനുമതി നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാർ, പാര്‍ലമെന്‍റില്‍ കേരളത്തിലെ എംപിയോട് വിഷയത്തില്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നാണ് മറുപടി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെത് ഇരട്ടത്താപ്പാണെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്ക് അധികാരം: വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ജനജീവിതത്തിന് അപകടകാരികളായ കാട്ടുപന്നികളെ ഇല്ലായ്‌മ ചെയ്യണമെന്ന് മുഖ്യമന്ത്രി വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി വരികയാണ്.
അപകടകാരികളായ കാട്ടുപന്നികളെ തുരത്തുന്നതിനും ആവശ്യമെങ്കില്‍ ഇല്ലായ്‌മ ചെയ്യുന്നതിനും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് അധികാരം നല്‍കുന്നതിനായി ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന പദവി നല്‍കുന്നതിന് സര്‍ക്കാര്‍ ആലോചിച്ചു വരുന്നു. ഇതിന്‍റെ ഓഥറൈസ്‌ഡ് ഉദ്യോഗസ്ഥന്‍മാരായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാരെയും ചുമതലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. വന്യജീവി ആക്രമണം നേരിടുന്നതിനായി ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതി അടുത്ത മന്ത്രിസഭ യോഗത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.