കേരളം

kerala

ETV Bharat / state

കള്ളിപ്പാറ മലനിരകൾ സംരക്ഷിത മേഖലയാക്കാൻ വനം വകുപ്പ് - kallipara hills

പശ്ചിമഘട്ട മേഖലയിൽ ഉൾപ്പെട്ട കള്ളിപ്പാറ മലനിരകളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

കള്ളിപ്പാറ  നീലക്കുറിഞ്ഞി  kallipara hills to reserved forest area  forest department  Kera forest department  kallipara  kallipara hills  reserved forest area
കള്ളിപ്പാറ മലനിരകൾ

By

Published : Dec 9, 2022, 2:43 PM IST

ഇടുക്കി: കണ്ണെത്താ ദൂരത്തോളം പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞി പൂക്കളൊരുക്കിയ ദൃശ്യവിരുന്ന് കാണാൻ സഞ്ചാരികളെത്തിയ കള്ളിപ്പാറ എന്‍ജിനീയര്‍മെട്ട് മലനിരകൾ സംരക്ഷിത വന മേഖലയാക്കാന്‍ വനം വകുപ്പിന്‍റെ നീക്കം. പാരിസ്ഥിതിക പ്രാധാന്യമുള്ള കള്ളിപ്പാറയിലെ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. ഇത് സംബന്ധിച്ച് വനം വകുപ്പ് ജില്ല കലക്‌ടര്‍ക്ക് കത്തു നല്‍കി.

കള്ളിപ്പാറ മലനിരകൾ

സിഎച്ച്ആര്‍ മേഖലയായ ഇവിടെ കൃഷിക്ക് അനുയോജ്യമല്ലാത്തതിനാല്‍ സംരക്ഷിത വനം ആണെന്നാണ് വനം വകുപ്പിന്‍റെ വാദം. 1897ലെ ട്രാവന്‍കൂര്‍ ഫോറസ്‌റ്റ് റെഗുലേഷന്‍ ആക്‌ട് അനുസരിച്ച് കൃഷിക്കായി പതിച്ചു നല്‍കാത്ത ചോല വനങ്ങളും പുല്‍മേടുകളും സംരക്ഷിത പ്രദേശങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുമെന്നും കള്ളിപ്പാറയില്‍ 6ഇനം നീലക്കുറിഞ്ഞികളും അപൂര്‍വങ്ങളായ സസ്യജാലങ്ങളും ഉണ്ടെന്നുമാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സിഎച്ച്ആര്‍ വനമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹെെക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 14ന് ദേവികുളം താലൂക്കിലെ കുഞ്ചിത്തണ്ണി വില്ലേജില്‍ ഉള്‍പ്പെടുന്ന ചെങ്കുളത്ത് 87 ഹെക്‌ടര്‍ സര്‍ക്കാര്‍ ഭൂമി ചെങ്കുളം റിസര്‍വ് വനമായി വിജ്ഞാപനമിറങ്ങിയിരുന്നു. വിജ്ഞാപനം ഇറങ്ങിയതിന് ശേഷമാണ് കുഞ്ചിത്തണ്ണിയിലെ ജനപ്രതിനിധികള്‍ പോലും ഈ വിവരം അറിയുന്നത്. ചെങ്കുളം റിസര്‍വിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വനം, റവന്യു വകുപ്പുകള്‍ തമ്മില്‍ തര്‍ക്കവും നാട്ടുകാരുടെ ആശങ്കയും ഇപ്പോഴും തുടരുകയാണ്.

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീലക്കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ച കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് 58, വട്ടവട വില്ലേജിലെ ബ്ലോക്ക് 62 എന്നിവ ഉള്‍പ്പെടുന്ന 3200 ഹെക്‌ടര്‍ സ്ഥലത്തോട് ചേര്‍ന്ന ജനവാസ മേഖലകളിലെ പ്രശ്‌നങ്ങളും‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ കള്ളിപ്പാറ എന്‍ജിനീയര്‍മെട്ടും പരിസര പ്രദേശങ്ങളും റിസര്‍വായി പ്രഖ്യാപിക്കാനുള്ള നീക്കം ആശങ്കയോടെയാണ് നാട്ടുകാര്‍ കാണുന്നത്.

2021 ഡിസംബറില്‍ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന് ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനം ഇറങ്ങിയതിന്‍റെ ആഘാതത്തിലാണ് ശാന്തന്‍പാറയിലെ ജനങ്ങൾ. ഇവിടെ ഇനിയൊരു സംരക്ഷിത വനം കൂടി വരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കര്‍ഷകർ പറയുന്നത്. വനം വകുപ്പിന്‍റെ കടന്നുകയറ്റത്തിനെതിരെ ശക്‌തമായ പ്രതിഷേധമാണ് ശാന്തൻപാറയിൽ ഉയർന്നു വരുന്നത്.

ABOUT THE AUTHOR

...view details