ഇടുക്കി:ജില്ലയിലെ ആക്രമണകാരികളായ കാട്ടാനകളെ ഇനിമുതല്‍ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും. കാട്ടാനശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ദേവികുളം ഡിഎഫ് ഓഫിസിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇവയുടെ ശല്യം തുടര്‍ന്നാല്‍ പിടിച്ച് മാറ്റാനും യോഗത്തില്‍ തീരുമാനമായി.
കാട്ടാനശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ പ്രധാനമായും മൂന്ന് നിർദേശങ്ങളാണ് വനം വകുപ്പ് മുന്നോട്ടുവച്ചത്. ആക്രമണകാരികളായ കാട്ടാനയെ മതികെട്ടാൻ ദേശീയ ഉദ്യാനത്തിലേക്ക് മാറ്റുക, മൈക്ക് പിടിപ്പിച്ച റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ നിരീക്ഷിക്കുക, ശല്യം രൂക്ഷമായി തുടർന്നാൽ ഇവയെ പിടിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കുക എന്നിവയാണിത്. ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് വയനാട്ടിൽ നിന്നെത്തിയ ആർആർടി സംഘം അഞ്ചുദിവസത്തിനകം സമർപ്പിക്കും. മാത്രമല്ല ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി സര്‍ജന്‍ അരുൺ സക്കറിയ ഇടുക്കിയില്‍ എത്തിയതിന് ശേഷമാകും അന്തിമ തീരുമാനത്തിലേക്കെത്തുക.