ഇടുക്കി:ആദിവാസി കുടിയിലേക്കുള്ള റോഡ് അടച്ച് വനം വകുപ്പ് ബോർഡ് സ്ഥാപിച്ചു. ഇടുക്കി മാങ്കുളം കോഴിയിള കുടിയിലേയ്ക്കുള്ള റോഡാണ് വനമേഖലയെന്ന പേരിൽ അടച്ച് ബോർഡ് സ്ഥാപിച്ചത്. യാത്ര മാർഗമില്ലാതെ ദുരിതത്തിലാണ് ഇപ്പോള്‍ ആദിവാസി കുടുംബങ്ങള്‍.
ആദിവാസി കുടിയിലേക്കുള്ള റോഡടച്ച് വനം വകുപ്പിന്‍റെ ക്രൂരത മാങ്കുളം ഗ്രാമപഞ്ചായത്തിന്‍റെ കീഴിലുള്ള റോഡാണിത്. മുന്നറിയിപ്പ് ഇല്ലാതെയാണ് വനംവകുപ്പിന്‍റെ കീഴിലുള്ള വന സംരക്ഷണ സമിതി റോഡ് അടച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ത്രിതല പഞ്ചായത്തുകളും നബാര്‍ഡും നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് റോഡ് ടാറിങും കോണ്‍ക്രീറ്റും നടത്തി ഗതാഗത യോഗ്യമാക്കിയത്.
'വനമാക്കി മാറ്റുന്നത് കര്‍ഷകര്‍ക്ക് നല്‍കിയ ഭൂമി'
1980ലും 1999 ലും ഇവിടെ കര്‍ഷക കുടുംബങ്ങള്‍ക്ക് മിച്ചഭൂമി വിതരണം നടത്തിയിരുന്നു. ഈ സമയത്ത് വനം വകുപ്പിന്‍റെ ഭൂമി കൃത്യമായി ഒഴിവാക്കി ഇരുവശങ്ങളിലും ജണ്ട സ്ഥാപിച്ചാണ് റോഡ് നിര്‍മിച്ചത്. ആദിവാസി കുടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടപടികൾ സ്വികരിക്കണമെങ്കിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തില്‍ ഊരുകൂട്ടം കൂടിയാണ് തീരുമാനമെടുക്കേണ്ടത്.
എന്നാല്‍, ഇത്തരം നടപടികളൊന്നും അധികൃതര്‍ പാലിച്ചില്ലെന്നാണ് പരാതി. കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് വനമാക്കി മാറ്റുന്നതിനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നത്. ഇതിന്‍റെ ഭാഗമാണ് റോഡ് അടച്ചതെന്നും ആരോപണമുയരുന്നുണ്ട്.
ALSO READ:അവഹേളനത്തിനിരയായ വിദേശി ഫോര്‍ട്ട് എ.സിയുമായി കൂടിക്കാഴ്ച നടത്തി ; പൊലീസിന് പ്രശംസ
വര്‍ഷങ്ങളായി കൃഷി ചെയ്‌തുവരുന്ന ഭൂമിയില്‍ നിന്നും കുടിയിറങ്ങേണ്ടിവരുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. റോഡ് അടച്ചതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ. ശക്തമായ പ്രതിഷേധമാണ് പ്രദേശത്തുനിന്നും ഉയരുന്നത്.