ഇടുക്കി: നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റു. നെടുങ്കണ്ടം സ്വദേശിയായ ബിബിൻ, ഇയാളുടെ ഏഴ് വയസുള്ള മകൻ, അമ്മ ലിസി എന്നിവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. നെടുങ്കണ്ടം ക്യാമല്‍ റെസ്‌റ്റോ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇവർ ഷവര്‍മ വാങ്ങിയത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ട് സ്ഥാപനം അടച്ച് പൂട്ടാൻ നിർദേശം നൽകി.
പുതുവത്സര ദിനത്തിൽ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് ബിബിൻ ക്യാമല്‍ റെസ്‌റ്റോ എന്ന സ്ഥാപനത്തില്‍ നിന്നും മൂന്ന് ഷവർമ വാങ്ങിച്ചത്. ഹോം ഡെലിവറിയായാണ് ഇവ വീട്ടില്‍ എത്തിച്ച് നല്‍കിയത്. ഷവർമ കഴിച്ചതിന് പിന്നാലെ രാത്രിയോടെ ബിബിന്‍റെ മകന്‍ മാത്യുവിന് ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു.