ഇടുക്കി :മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി അടുത്തതോടെ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. രാവിലെ തേക്കടിയിൽ നിന്നും ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ശേഷം സ്വീപ്പേജ് വെള്ളത്തിന്‍റെ അളവും രേഖപ്പെടുത്തി. മിനിട്ടില്‍ 115 ലിറ്ററാണ് സ്വീപ്പേജ് വെള്ളത്തിന്‍റെ അളവ്.
മുല്ലപ്പെരിയാർ അണക്കെട്ട് സന്ദര്‍ശിച്ച് അഞ്ചംഗ ഉപസമിതി അതേസമയം അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ നീരൊഴുക്ക് കുറഞ്ഞു. പതിമൂന്ന് സ്‌പിൽവേ ഷട്ടറുകളിൽ 3 എണ്ണം ഉയർത്തി പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം കുമളിയിലെ മുല്ലപ്പെരിയാർ ഓഫിസിൽ യോഗം ചേർന്ന് അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.
Also read: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: കേരളത്തിന് തമിഴ്‌നാടിന്‍റെ ആദ്യ മുന്നറിയിപ്പ്
കേന്ദ്ര ജലക്കമ്മീഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ ശരവണകുമാർ അധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ ഹരികുമാർ, അസിസ്റ്റന്‍റ് എൻജിനീയർ എൻ.എസ് പ്രസീദ്, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സാം ഇർവിൻ, എ.ഇ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഫെബ്രുവരി 25 നാണ് ഇതിനുമുമ്പ് അവസാനമായി സംഘം ഡാം സന്ദർശിച്ചത്.
അണക്കെട്ടിലെ ചൊവ്വാഴ്‌ചയിലെ ജലനിരപ്പ് 135.85 അടിയാണ്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടില്‍ നടപ്പാക്കിയ റൂൾ കർവ് ഷെഡ്യൂൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ നിന്ന് എത്തിയ കർഷക സംഘങ്ങൾ കുമളിയിലെ മുല്ലപ്പെരിയാര്‍ ഓഫിസിൽ എത്തി ശരവണകുമാറിന് നിവേദനം നൽകി.