ഇടുക്കി: ജൈവ വൈവിധ്യ കലവറകളായ ദേശീയോദ്യാനങ്ങളെ കാട്ടുതീയില്‍ നിന്നും സംരക്ഷിക്കാന്‍ മൂന്നാറില്‍ ഫയര്‍ ഫൈറ്റിങ് ടീമിനെ നിയോഗിച്ചു. സംസ്ഥാനത്താദ്യമായാണ് ഇത്തരത്തിലൊരു ടീമിനെ നിയമിക്കുന്നത്. മൂന്നാര്‍ വനം-വന്യജീവി വകുപ്പ് ഡിവിഷനിലെ ഫയര്‍ വാച്ചര്‍മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട, പ്രത്യേക പരിശീലനം ലഭിച്ച പത്ത് പേരാണ് സംഘത്തിലുള്ളത്. വേനല്‍ കടുത്തതോടെ കാട്ടുതീ ഭീഷണി വര്‍ധിച്ച സാഹചര്യത്തിലാണ് ദേശീയോദ്യാനങ്ങളെ കാട്ടുതീയില്‍ നിന്നും സംരക്ഷിക്കുന്നതിനായി വനം-വന്യജീവി വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള വാഹനം, ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. തീയണക്കുവാനായി ദുര്‍ഘട മേഖലകളില്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന വാഹനമാണ് നല്‍കിയിട്ടുള്ളളത്. കാട്ടുതീ കൂടുതലായി പടരുന്ന ഇരവികുളം ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാക്കും. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമായിരിക്കും.
കാട്ടുതീയെ പേടിക്കേണ്ട; നേരിടാന്‍ ഫയര്‍ ഫൈറ്റിങ് ടീം തയ്യാര്‍ - Biodiversity conservation
മൂന്നാര്‍ വനം-വന്യജീവി ഡിവിഷനിലെ ഫയര്‍ വാച്ചര്‍മാരില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച പത്ത് പേരാണ് സംഘത്തിലുള്ളത്

പൊതുജനപങ്കാളിത്തതോടെയാകും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്‌മി പറഞ്ഞു. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ തൃശൂരില്‍ വനപാലകര്‍ മരിച്ച സാഹചര്യം കണക്കിലെടുത്താണ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാതയോരങ്ങളില്‍ പൊഴിഞ്ഞുകിടക്കുന്ന ഇലകള്‍ നീക്കം ചെയ്‌ത് തീപിടിത്ത സാധ്യത ഒഴിവാക്കും. സാമൂഹ്യവിരുദ്ധര്‍ തീയിടുന്നത് തടയാന്‍ നിരീക്ഷണം ശക്തമാക്കും. നിലവില്‍ വട്ടവടക്ക് സമീപം പാമ്പാടുംചോല ദേശീയോദ്യാനത്തിലെ വനം വകുപ്പ് കെട്ടിടത്തിലാണ് ഫയര്‍ഫൈറ്റിങ് യൂണിറ്റിന്‍റെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.