ഇടുക്കി: കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് അടിമാലിയിലെ ബേക്കറി ഉടമ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കള്‍. ഇരുമ്പുപാലം സ്വദേശി ജി വിനോദിനെയാണ് ഇന്ന് (ജൂലൈ 19) രാവിലെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. വിനാേദിന് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പാെലീസിന് മൊഴി നൽകിയിട്ടുണ്ട്.
ലോക്ക് ഡൗണില്‍ വലഞ്ഞ് വ്യാപാരികള്‍
കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കാറ്റഗറി സി യിൽ ഉൾപ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി. ഇത് മൂലം വ്യാപാരികൾ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ധനകാര്യ സ്ഥാപനങ്ങൾ വായ്‌പ തുക തിരിച്ചടക്കാൻ വലിയ സമ്മർദ്ദവും ചെലുത്തുന്നുണ്ട്.