ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺമക്കളെ ബലമായി തട്ടിക്കൊണ്ട് പോയതിന് പിതാവ് അറസ്റ്റില്‍. പള്ളിവാസൽ സ്വദേശി സണ്ണി തോമസിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺമക്കളെ തട്ടികൊണ്ട് പോയതിന് പിതാവ് അറസ്റ്റിൽ - three girls kidnapped: father arrested in idukki
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെ തട്ടികൊണ്ടു പോയതിനാണ് പള്ളിവാസല്‍ സ്വദേശി സണ്ണി തോമസിനെ അറസ്റ്റ് ചെയ്തത്. എസ്ഐയെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. സണ്ണിയുടെ ഭാര്യ ഇയാളുമായി പിണങ്ങി പശുപ്പാറയിലുള്ള വീട്ടിലാണ് കഴിയുന്നത്. പ്രായപൂർത്തിയാകാത്ത മൂന്നു പെൺമക്കളും ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. രാത്രിയിൽ വാഹനവുമായി എത്തിയ സണ്ണി, കുട്ടികളെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഉടൻ തന്നെ കുട്ടികളുടെ മാതാവ് പൊലീസില്‍ വിവരം അറിയിച്ചു.
കട്ടപ്പന എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ സണ്ണി തോമസിനോട് കാഞ്ചിയാറിൽ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും എസ്ഐയെ ഇടിക്കാന്‍ ശ്രമിച്ച് വാഹനം കടന്ന് കളയുകയായിരുന്നു. സണ്ണിയെ പിടികൂടാൻ ശ്രമിക്കുന്നതിടെ എസ്ഐ സന്തോഷിനെയും സിപിഒ സതീശനെയും പ്രതി മർദിച്ചു. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ വെള്ളത്തൂവൽ പൊലീസ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊലീസിനെ മര്‍ദിച്ച സംഭവത്തില്‍ കട്ടപ്പന പൊലീസും കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ഉപ്പുതറ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു.