ഇടുക്കി: പട്ടയപ്രശ്‌നം പരിഹാരിക്കണമെന്നാവശ്യപ്പെട്ട് കല്ലാർകുട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ വൃഷ്‌ടിപ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തുടര്‍സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
പട്ടയപ്രശ്‌നം പരിഹാരിക്കാൻ ഇടുക്കിയിൽ പ്രതിഷേധം
കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ വൃഷ്‌ടിപ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രക്ഷോഭസമരത്തിന്‍റെ ആദ്യഘട്ടമായാണ് സമരം സംഘടിപ്പിച്ചത്. പട്ടയമില്ലാത്ത മുഴുവന്‍ കുടുംബങ്ങളില്‍ നിന്നുള്ള കര്‍ഷകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. കല്ലാര്‍കുട്ടി സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. സന്തോഷ് സമരം ഉദ്ഘാടനം ചെയ്‌തു. കല്ലാര്‍കുട്ടിയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാമെന്ന് 1968ല്‍ സമര്‍പ്പിച്ച മാത്യു മണിയങ്ങാടന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്‍പ്പെടെ സൂചിപ്പിച്ചിട്ടുണ്ട്. മാറി വരുന്ന സര്‍ക്കാരുകള്‍ കല്ലാര്‍കുട്ടിയിലെ കര്‍ഷകരെ രണ്ടാം തരക്കാരായാണ് കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സമരത്തിന്‍റെ ഭാഗമായി വ്യാപാരികള്‍ കല്ലാര്‍കുട്ടിയില്‍ കടകളടച്ച് പ്രതിഷേധിച്ചു. കെ.ബി ജോണ്‍സന്‍ അധ്യക്ഷനായി. സംരക്ഷണവേദി ഭാരവാഹികളായ പി.വി അഗസ്റ്റിന്‍, ജയിന്‍സ് യോഹന്നാന്‍, വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്‍റ് റ്റി.ആര്‍ ബിജി തുടങ്ങിയവര്‍ പങ്കെടുത്തു.