കേരളം

kerala

ETV Bharat / state

തേവാരം-തേവാരംമെട്ട് റോഡിനായി കർഷക സംഘടനകളുടെ സമരം - സമര വാർത്തകൾ

ചരക്ക് നീക്കത്തിനും ശബരിമല തീർഥാടനത്തിനും വിനോദ സഞ്ചാരികൾക്കും ഏറെ ഉപകരിക്കുന്ന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.

protest news  idukki protest  farmer organisations protest  തേവാരം-തേവാരംമെട്ട് റോഡ്  thevaram-thevaramet road  കര്‍ഷക സംഘടനകളുടെ സമരം  tamil nadu  തമിഴ്‌നാട്  സമര വാർത്തകൾ  ഇടുക്കി സമരം
തേവാരം-തേവാരംമെട്ട് റോഡിനായി കർഷക സംഘടനകളുടെ സമരം

By

Published : Oct 31, 2020, 11:53 AM IST

ഇടുക്കി: തേവാരം-തേവാരംമെട്ട് റോഡിനായി തമിഴ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ സമരം. റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ തേവാരത്തേക്ക് പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു.

തേനി ഉള്‍പ്പടെ അഞ്ച് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനകളും 18-ാം കനാല്‍ കര്‍ഷക സംഘടനയും സംയുക്തമായാണ് സമരം നടത്തിയത്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ 39 വര്‍ഷമായി ഈ റോഡിനുവേണ്ടി മുറവിളി കൂട്ടുന്നുണ്ട്. 1981ല്‍ അന്നത്തെ മുഖ്യമന്ത്രി എംജിആറിന് കര്‍ഷകര്‍ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം നേരിട്ടെത്തി തേവാരത്ത് റോഡ് നിര്‍മാണത്തിനായി തറക്കല്ലിട്ടിരുന്നു. എന്നാല്‍ അന്നുമുതല്‍ വനംവകുപ്പ് തടസം നില്‍ക്കുകയാണ്. റോഡ് യാഥാര്‍ഥ്യമായാല്‍ അത് ചരക്ക് നീക്കത്തിനും ശബരിമല തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഗുണം ചെയുമെന്ന് കര്‍ഷക സംഘടനാ പ്രസിഡന്‍റ് എസ് ആര്‍ തേവര്‍ പറഞ്ഞു.

കേരളത്തില്‍ നിന്നും ഏലക്ക ഉള്‍പ്പടെയുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ തമിഴ്‌നാട്ടിലേക്കും, അവിടെനിന്ന് നിത്യോപയോഗ സാധനങ്ങള്‍ കേരളത്തിലേക്കും എത്തിക്കുന്നതിന് എളുപ്പമാര്‍ഗമാണ് ഈ റോഡ്. ഈ റോഡ് ഉപയോഗിക്കുന്നതിലൂടെ കേരളത്തില്‍ നിന്നും തേനി, മധുര മെഡിക്കല്‍ കോളജുകളിലേക്ക് എത്തുന്നതിന് 30 കിലോമീറ്റര്‍ ലാഭിക്കാം.

2018-ല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി പദ്ധതി പുനരുജ്ജീവിപ്പിക്കുകയും അന്ന് റോഡ് നിര്‍മാണത്തിനായി തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ആറരക്കോടി രൂപ അനുവദിച്ചിരുന്നതുമായിരുന്നു. പാത നിര്‍മാണത്തിന് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലായിരുന്നു തമിഴ്‌നാട് വനംവകുപ്പ് അനുമതി നിഷേധിച്ചത്. തേവാരത്തുനിന്നും പ്രകടനമായെത്തിയ കര്‍ഷകരെ വനമേഖലയോട് ചേര്‍ന്ന് പൊലീസ് തടഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ചചെയ്‌ത് പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. റോഡ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വീണ്ടും നിവേദനങ്ങള്‍ നല്‍കുമെന്നും സമരരംഗത്തിറങ്ങുമെന്നും കര്‍ഷകസംഘടനാ നേതാക്കള്‍ പറഞ്ഞു.

ABOUT THE AUTHOR

...view details