ഇടുക്കി:കടക്കെണിമൂലം ഇടുക്കിയില്‍ വീണ്ടും കർഷക ആത്മഹത്യ. എസ്റ്റേറ്റ് പൂപ്പാറ മുള്ളം തണ്ട് സ്വദേശി കെ.പി.സന്തോഷാണ് (45) സ്വയം വെടിവച്ച് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
ഒരു മാസം മുൻപ് മരത്തിൽ നിന്നും വീണതിനെത്തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ ആശുപത്രിയിൽ നിന്നും എത്തിയെങ്കിലും വീട്ടിൽ കിടപ്പിലായിരുന്നു. അടുത്ത ദിവസങ്ങളിൽ സ്ഥിതി അൽപം മെച്ചപ്പെട്ടതിനാൽ ഇന്ന് ഉച്ചയോടെ വീട്ടിൽ നിന്നും പുറത്തുപോയി മടങ്ങി എത്തിയ ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്കുകൊണ്ട് കൊണ്ട് കഴുത്തിൽ വെടി വയ്ക്കുകയായിരുന്നു.
ഭാര്യ രജനിയും, മകൻ അർജ്ജുനും ഈ സമയം വീടിന് സമീപം പറമ്പിൽ പണികൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വലിയ ശബ്‌ദം കേട്ട് ഇവരും സമീപവാസികളും ഓടിയെത്തിയപ്പോൾ സന്തോഷ് മുറിയിൽ വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ എല്ലാവരും ചേർന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷ് മരിച്ചിരുന്നു.