ഇടുക്കി :കരുണാപുരത്ത് അര്‍ഹതപ്പെട്ട കുടുംബത്തെ ലൈഫ് ഭവന പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതായി പരാതി. കരുണാപുരം ബാലന്‍പിള്ള സിറ്റി സ്വദേശിയായ തൊട്ടിയാംകണ്ടത്തില്‍ നവാസും ഭാര്യ സീനത്തും കഴിഞ്ഞ കുറേ കാലമായി താൽക്കാലിക ഷെഡ്ഡിലാണ് കഴിയുന്നത്. തങ്ങളെ അവഗണിച്ച് അനര്‍ഹര്‍ക്ക് വീട് അനുവദിച്ച് നല്‍കുന്നതായാണ് കുടുംബത്തിന്‍റെ ആരോപണം.
ലൈഫ് ഭവന പദ്ധതിയുടെ മുന്‍ഗണന ലിസ്റ്റിൽ ഇവരുടെ പേര് മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവരെ മനപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നും വാസയോഗ്യമായ വീടുള്ള പലരും ലിസ്റ്റില്‍ ഇടം പിടിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
അര്‍ഹതപ്പെട്ട കുടുംബത്തെ ലൈഫ് ഭവന പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതായി പരാതി നാല് സെന്‍റ് ഭൂമി മാത്രമാണ് നവാസിനും കുടുംബത്തിനും സ്വന്തമായുള്ളത്. അഞ്ച് വര്‍ഷത്തിലധികമായി അലുമിനിയം ഷീറ്റുകൊണ്ട് മറച്ച താൽകാലിക ഷെഡ്ഡിലാണ് ഇവരുടെ താമസം. സമീപത്തെ വന്‍ മരങ്ങള്‍ ഷെഡ്ഡിന് മുകളിലേയ്ക്ക് മറിഞ്ഞ് വീഴുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.
നിലവിലെ ഷെഡ്ഡ് നിർമിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന ഷെഡ്ഡ് മരച്ചില്ല വീണ് തകർന്നിരുന്നു. നിലവിലെ വീട് വാസ യോഗ്യമല്ലെന്ന് പഞ്ചായത്ത് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ജനപ്രതിനിധികളുടെ ഇടപെടല്‍ മൂലം തങ്ങള്‍ ഒഴിവാക്കപ്പെടുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.