ഇടുക്കി:കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റുചെയ്‌ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്. പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ഗോത്രവർഗ കമ്മിഷന്‍റെ നിര്‍ദേശം. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെയാണ് വനംവകുപ്പ് കള്ളക്കേസില്‍ പെടുത്തിയിരുന്നത്.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തി വിൽപന നടത്തി എന്നാരോപിച്ച് സെപ്റ്റംബര്‍ 20നാണ് സരുൺ സജിയെ കിഴുക്കാനം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അനിൽ കുമാറും സംഘവും അറസ്റ്റുചെയ്‌തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സരുൺ സജി എസ്‌സി എസ്‌ടി കമ്മിഷന് പരാതി നൽകിയതോടെയാണ് നടപടി.
ഡിവൈഎസ്‌പി ഹാജരാകാത്തതിൽ കമ്മിഷന് അതൃപ്‌തി:കുമളിയിൽ നടന്ന സിറ്റിങില്‍ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അധ്യക്ഷൻ വിഎസ് മാവോജി പൊലീസിന് നിർദേശം നൽകിയത്.കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം ക്രിമിനൽ കേസെടുക്കണമെന്നാണ് നിർദേശം. തുടർ നടപടികൾ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും പീരുമേട് ഡിവൈഎസ്‌പിയോട് നിർദ്ദേശിച്ചിട്ടുണ്ട്.