ഇടുക്കി:നീലകുറിഞ്ഞി പൂവിട്ട മലനിരകളിലേക്ക് സന്ദര്‍ശനം നിരോധിച്ചെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. വനം വകുപ്പിന്‍റെതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ശാന്തന്‍പാറയിലെ കള്ളിപ്പാറ മലനിരകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിനേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മാത്രമല്ല പ്രകൃതിയുടെ മായാജാലമായ കുറിഞ്ഞി പൂത്ത കാഴ്ച കാണാന്‍ ദിനേനയെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികള്‍ക്കിടയില്‍ ഈ വ്യാജ പ്രചാരണം ഏറെ തെറ്റിധാരണകള്‍ക്കും ഇടവരുത്തുന്നുണ്ട്.
ശാന്തന്‍പാറയിലെ കള്ളിപ്പാറ മലനിരകളിലാണ് പന്ത്രണ്ട് വര്‍ഷത്തിലൊരിയ്ക്കലെത്തുന്ന വിരുന്നുകാരനായി നീലക്കുറിഞ്ഞി വീണ്ടും എത്തിയിരിക്കുന്നത്. 2018 ലെ കുറിഞ്ഞി പൂക്കാലം മഹാപ്രളയം മൂലം നഷ്‌ടപെട്ടതിനാല്‍ നിലവില്‍ കള്ളിപ്പാറയിലെ വിസ്‌മയം കാണാന്‍ ആയിരകണക്കിന് സഞ്ചാരികളാണെത്തുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങളായി കള്ളിപ്പാറയിലേക്ക് പ്രവേശനമില്ല എന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്.