ഇടുക്കി: കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്‌ത വേപ്പിന്‍ പിണ്ണാക്ക് ഗുണനിലവാരമില്ലാത്തതെന്ന് ആക്ഷേപം. സേനാപതി പഞ്ചായത്തില്‍ വിതരണം ചെയ്‌ത വേപ്പിന്‍ പിണ്ണാക്കില്‍ നിറയെ കാപ്പിത്തൊണ്ടാണെന്നാണ് ആരോപണം. പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. സേനാപതി ഗ്രാമപഞ്ചായത്തില്‍ 75 ശതമാനം സബ്‌സിഡി നിരക്കില്‍ പഞ്ചായത്ത് കൃഷിഭവന്‍ മുഖേന വിതരണം ചെയ്‌ത വേപ്പിന്‍ പിണ്ണാക്കിലാണ് മായം ചേര്‍ത്തതായി കര്‍ഷകര്‍ പറയുന്നത്.
വേപ്പിന്‍ പിണ്ണാക്കിൽ കാപ്പിത്തൊണ്ട്; പരാതിയുമായി കർഷകർ - senapathi idukki
സേനാപതി പഞ്ചായത്തില്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്‌ത വേപ്പിന്‍ പിണ്ണാക്കില്‍ നിറയെ കാപ്പിത്തൊണ്ടാണെന്ന ആരോപണവുമായി കര്‍ഷകര്‍

മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് നടത്തിയ അഴിമതിയാണ് ഇതെന്നും കര്‍ഷകരെ വഞ്ചിക്കുന്ന നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്നും കര്‍ഷകര്‍ പറയുന്നു. പഞ്ചായത്തിലെ 1,218 കര്‍ഷകര്‍ക്കാണ് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്‌തത്. കിലോഗ്രാമിന് 22 രൂപ വിലവരുന്ന പിണ്ണാക്ക് 75 ശതമാനം സബ്‌സിഡി നല്‍കിയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്‌തത്. എന്നാല്‍ ഗുണനിലവാരമില്ലാത്ത പിണ്ണാക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഉപ്പുരസം കൂടുതലുള്ളതിനാല്‍ തോട്ടങ്ങളിലെ ഏലച്ചെടികളുടെ വളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും കര്‍ഷകര്‍ നേരിടുന്നു.