ഇടുക്കി :വ്യാജ ആര്‍.ടി.പി.സി.ആര്‍ ഫലം നല്‍കിയതിന് നെടുങ്കണ്ടത്തെ സ്വകാര്യ ലാബിനെതിരെ പരാതി. കൊവിഡ് പോസിറ്റിവ് ആണെന്ന് അറിയിക്കുകയും മണിക്കൂറുകള്‍ക്ക് ശേഷം നെഗറ്റീവ് എന്ന സന്ദേശം ലഭിയ്ക്കുകയുമായിരുന്നു.
തെറ്റായ റിസള്‍ട്ട് മൂലം, രോഗിയെന്ന് സംശയിച്ച ആളെ ആംബുലന്‍സ് വിളിച്ചുവരുത്തി തമിഴ്‌നാട്ടിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. നെടുങ്കണ്ടം സെന്‍ട്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്വകാര്യ ലാബിനെതിരെയാണ് ആരോപണം.
സമീപത്തെ തയ്യല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തമിഴ്‌നാട് കമ്പം സ്വദേശിയുടെ ആര്‍.ടി.പി.സി.ആര്‍ ഫലമാണ് തെറ്റായി നല്‍കിയത്. കൊവിഡ് വ്യാപനം കാരണം ആഴ്ചയില്‍ ഒരിയ്ക്കലാണ് ഇയാള്‍ കമ്പത്തെ വീട്ടില്‍ പോയിരുന്നത്.
സാമ്പത്തിക നഷ്‌ടമുണ്ടായതായി പരാതിക്കാരന്‍
ഇത്തവണയും, വീട്ടില്‍ പോകുന്നതിനായി പരിശോധന നടത്തി. ചൊവ്വാഴ്‌ച ഉച്ചയോടെ ഫലം ആവശ്യപ്പെട്ടപ്പോള്‍, പോസിറ്റീവാണെന്ന് ലാബില്‍ നിന്നും അറിയിച്ചു. തുടര്‍ന്ന് തയ്യല്‍ സ്ഥാപനം അടയ്‌ക്കുകയും വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപനത്തിലേക്ക് എത്താനിരുന്നവരോട്, വരേണ്ടതില്ലെന്ന് വിളിച്ചുപറയുകയും ചെയ്‌തു.
കമ്പം സ്വദേശിയെ വീട്ടില്‍ എത്തിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫലം നെഗറ്റീവ് ആണെന്ന സന്ദേശം ലഭിച്ചത്. പരിശോധനാഫലം തെറ്റായി നല്‍കിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കുമെന്ന് കമ്പം സ്വദേശി അറിയിച്ചു.
എന്നാല്‍ സാമ്പിള്‍, പരിശോധിയ്ക്കുന്ന സ്ഥാപനത്തില്‍ നിന്നും ലഭിച്ച വിവരത്തിലെ അവ്യക്തതയാണ്, തെറ്റായ വിവരം നല്‍കാന്‍ ഇടയാക്കിയതെന്നാണ് ലാബ് നടത്തിപ്പുകാരുടെ വിശദീകരണം.
മുന്‍പും സമാനമായ ആരോപണം ഈ സ്ഥാപനത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. വ്യാജ പരിശോധനാഫലം തന്നെയായിരുന്നു നേരത്തേയും വിഷയമായത്.
ALSO READ:പുതിയ COVID വകഭേദം ; സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കൂടുതൽ മുന്‍കരുതൽ