ഇടുക്കി: മൊബൈൽ ഫോണിൽ ഫേസ്ബുക്ക് ലൈവ് ചെയ്‌ത് ഇരുചക്രവാഹനം ഓടിച്ചയാളെ ഇടുക്കി മോട്ടോർ വാഹന വകുപ്പ് പിടികൂടി. നായർപാറ സ്വദേശി പുത്തൻപുരയിൽ വിഷ്‌ണു പി.ആർ എന്നയാളെയാണ് ഇടുക്കി ആർടിഒ ആർ.രമണൻ വിളിച്ചുവരുത്തി നടപടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് വിഷ്‌ണു തന്‍റെ എൻഫീൽഡ് മോട്ടോർ ബൈക്കിൽ ചെറുതോണിയിൽ നിന്നും പൈനാവിലേക്കുള്ള വഴിയിലൂടെ മൊബൈൽ ഫോണിൽ ഫേസ്ബുക്ക് ലൈവ് ഇട്ട് വാഹനമോടിച്ചത്.
ബൈക്കോടിക്കുന്നതിനിടെ ഷാജി പാപ്പനില്‍ ഫേസ്ബുക്ക് ലൈവ്, ലൈസൻസ് റദ്ദാക്കി ആർടിഒ
ബൈക്കോടിച്ചു കൊണ്ട് ഫേസ്ബുക്ക് ലൈവ് ഇട്ടായാൾ സ്വന്തം ചെലവിൽ ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ട്രെയിനിങ്ങിന് പോകണമെന്ന് ഇടുക്കി ആർടിഒ നിർദേശിച്ചു.
പെട്രോൾ ഇല്ലാത്ത പമ്പ് എന്തിനാണ് ചെറുതോണിയിൽ എന്ന ചോദ്യം ഉന്നയിച്ച് ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിഷ്‌ണു ലൈവ് പുറത്തുവിട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആർടിഒ ഇയാളെ വിളിച്ചുവരുത്തി നടപടിയെടുത്തത്. മൂന്ന് മാസത്തേക്ക് ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. കൂടാതെ ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐഡിടിആർ) ട്രെയിനിങ്ങിന് സ്വന്തം ചെലവിൽ പോകാനും ആർടിഒ നിർദേശിച്ചു.
ഇത്തരത്തിലുള്ള സംഭവം സംസ്ഥാനത്ത് തന്നെ ആദ്യമാണെന്ന് പറഞ്ഞ ആർടിഒ അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങുകൾ അനുവദിക്കില്ലെന്നും ഇത്തരത്തിലുള്ള എല്ലാ പ്രവൃത്തികളും നിരീക്ഷിച്ചു വരികയാണെന്നും അറിയിച്ചു.