ഇടുക്കി:തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയുടെ വിവിധ പഞ്ചായത്തുകളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിർത്തികളിലെ വനപാതയിലൂടെ ആളുകൾ ജില്ലയിലേക്ക് കടക്കുന്നതായി ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌ത വാർത്തയെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ എട്ട് പഞ്ചായത്തുകളിലാണ് ജില്ലാ കലക്‌ടര്‍ എച്ച്.ദിനേശൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ETV BHARAT IMPACT; ഇടുക്കിയിലെ എട്ട് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
തമിഴ്‌നാട് അതിർത്തികളിലെ വനപാതയിലൂടെ ആളുകൾ ജില്ലയിലേക്ക് പ്രവേശിക്കുന്നതായി ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌ത വാർത്തയെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി
കഴിഞ്ഞ ദിവസമാണ് ജില്ലാ അതിർത്തി മേഖലയിലെ കാട്ടു പാതകൾ വഴി നിരവധി ആളുകൾ കേരളത്തിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതായി ഇടിവി ഭാരത് വാർത്ത റിപ്പോർട്ട് ചെയ്‌തത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ജില്ലാ ഭരണകൂടം പ്രശ്‌നം ഗുരുതരമാണെന്ന് കണ്ടെത്തി. തുടർന്നാണ് അതിർത്തി മേഖലകൾ പങ്കിടുന്ന ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലാണ് നടപടി. ശാന്തൻപാറ പഞ്ചായത്തിലെ ഒന്ന്, 5, 7 വാർഡുകൾ, ഉടുമ്പൻചോല പഞ്ചായത്തിലെ 5, 7, നെടുംകണ്ടം പഞ്ചായത്തിലെ 8, 9, 11, കരുണപുരം പഞ്ചായത്തിലെ 4, 7, 10, 11, വണ്ടന്മേട് പഞ്ചായത്തിലെ 7, 10,ചക്കുപള്ളം പഞ്ചായത്തിലെ 8, 11, കുമളി പഞ്ചായത്തിലെ 6, 7, 8, 9, 12, ചിന്നക്കനാൽ പഞ്ചായത്തിലെ 5 എന്നീ വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിങ്കളാഴ്‌ച മുതൽ ഏപ്രിൽ 21 വരെയാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. പ്രദേശത്ത് 144 ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് ജില്ലാഭരണകൂടം നിർദേശവും നൽകി.