ഇടുക്കി: ചിന്നക്കനാലിലെ അനധികൃത മരംവെട്ട് കേസ് ഒതുക്കി തീർക്കാനുള്ള വനപാലകരുടെ ശ്രമം പാളി. വിഷയത്തിൽ സിസിഎഫ് ഇടപെട്ടതോടെ ഏലപ്പട്ടയ ഭൂമിയിൽ നിന്നുൾപ്പെടെ മരം മുറിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് ദേവികുളം റേഞ്ച് ഓഫിസർ അറിയിച്ചു. 95 മരങ്ങളാണ് മുറിച്ചതെന്ന കണ്ടെത്തലും തെറ്റെന്ന് തെളിഞ്ഞിട്ടുണ്ട്. ഇടിവി ഭാരത് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ചിന്നക്കനാല്‍ മുത്തമ്മാള്‍ കോളനിയ്ക്ക് സമീപം തൃശൂര്‍ സ്വദേശിയുടെ പേരിലുള്ള പട്ടയ ഭൂമിയില്‍ നിന്നും ഏലപാട്ട ഭൂമിയില്‍ നിന്നുമാണ് മരങ്ങള്‍ മുറിച്ചത്. ഇത്തരത്തിൽ അനധികൃതമായി മരങ്ങൾ മുറിച്ചത് നേരത്തെ ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. സ്ഥലത്ത് ദേവികുളം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ആദ്യം നടത്തിയ പരിശോധനയില്‍ 95 മരങ്ങൾ മുറിച്ചുവെന്നായിരുന്നു കണ്ടെത്തൽ.