ഇടുക്കി : ഇഎസ്ഐ ആശുപത്രികള്‍ വഴിയുള്ള റീ ഇംബേഴ്സ്മെന്‍റ് ക്ലെയിമുകള്‍ ഇടുക്കിയിലെ സാധാരണക്കാര്‍ക്ക് നഷ്‌ടമാകുന്നു. ക്ലെയിമിനായി ഒപി ടിക്കറ്റ് നിര്‍ബന്ധമാക്കിയും ഒ പി ടിക്കറ്റില്‍ തന്നെ ഡോക്‌ടര്‍ മരുന്നുകള്‍ എഴുതണമെന്നുമുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്‌ടറേറ്റിന്‍റെ സര്‍ക്കുലര്‍ എത്തിയതാണ് പ്രതിസന്ധിക്ക് കാരണം (ESI Claim crisis in Idukki). ഇഎസ്ഐ ഡിസ്‌പെന്‍സറികളില്‍ ആവശ്യത്തിന് മരുന്നില്ലാത്തതും സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിയ്ക്കുന്നു (ESI hospitals medicine shortage Idukki).
മുൻകാലങ്ങളിൽ ഇഎസ്ഐ പദ്ധതിയില്‍ അംഗമായിട്ടുള്ള രോഗികള്‍ക്ക് അതാത് ജില്ലയിലെ ഡിസ്‌പെന്‍സറികളില്‍ നിന്നും കുറിച്ച് നല്‍കുന്ന മരുന്ന് ഡിസ്‌പെന്‍സറിയില്‍ ഇല്ലെങ്കില്‍ പുറത്ത് നിന്ന് വാങ്ങി ബില്‍ നല്‍കിയാല്‍ ആ തുക ലഭിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് നിന്ന് വാങ്ങുന്ന മരുന്നുകളുടെ തുക ക്ലെയിം ചെയ്യണമെങ്കില്‍ ഇഎസ്ഐ ആശുപത്രിയില്‍ നേരിട്ടെത്തി ഒ പി ടിക്കറ്റ് എടുത്ത് ഇതേ ഒ പി ടിക്കറ്റില്‍ ഫിസിഷ്യന്‍ മരുന്നെഴുതി നല്‍കുകയും ഇതുമായി അതാത് ജില്ലകളിലെ ഡിസ്‌പെന്‍സറികളില്‍ എത്തി അവിടെയും ഡോക്‌ടറെ കാണിക്കുകയും വേണം.