ഇടുക്കി: കാട്ടുതീ കവർന്നെടുത്ത ആനമുടിചോലയിലെ മലമേടുകൾ വീണ്ടും പച്ചയണിഞ്ഞു. കഠിന പരിശ്രമത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും ഫലമായി പച്ചപുതച്ച പുൽമേടുകളാക്കി മാറ്റുന്നതിന്‍റെ മനോഹര കാഴ്ച്ചകളാണ് ഇടുക്കി വട്ടവടയിലെ മലനിരകളിൽ നിന്നും പരിസ്ഥിതി ദിനത്തിൽ വനപാലകർ സമ്മാനിക്കുന്നത്.
2019 ലാണ് ഇടുക്കി ജില്ലയിലെ ആനമുടി ചോലയിൽ കാട്ടുതീ പടർന്നു കയറിയത്. നിരവധി വന്യമൃഗങ്ങളും വനമേഖലകളും അഗ്നിക്ക് ഇരയായി. ആനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള മൃഗങ്ങൾ മറ്റൊരു ആവാസവ്യവസ്ഥയിലേക്ക് മാറ്റപ്പെട്ടു. ഹെക്‌ടർകണക്കിന് പ്രദേശം കരിയും ചാരവുമായി അവശേഷിക്കപ്പെട്ടു. കാട്ടുതീ വരുത്തിവെച്ച നാശനഷ്ടം വനപാലകരെയും പ്രകൃതി സ്നേഹികളെയും കണ്ണീരിലാഴ്ത്തി. എന്നാൽ ദുഖിതരായി സമയം കളയുവാൻ വനപാലകർ തയ്യാറായില്ല.
വീണ്ടും പച്ചയണിഞ്ഞ് ആനമുടിചോലയിലെ മലമേടുകൾ കാട്ടുതീ കവർന്നെടുത്ത മലമേടുകളെ വീണ്ടും പച്ച പുതപ്പിക്കുവാൻ അവർ തീരുമാനിച്ചു. വർഷങ്ങളോളം വേണ്ടി വരുന്ന പരിശ്രമം പിന്നോട്ടില്ല എന്ന് ഉറപ്പിച്ച് സംസ്ഥാന വനം വകുപ്പ് പദ്ധതികൾ ആവിഷ്ക്കരിച്ചു. രൂപരേഖ തയ്യാറാക്കി, അതിനായി ഒരു സംഘം വനപാലകരെ നിയമിക്കുകയും ചെയ്‌തു. കാട്ടുതീ കവർന്നെടുത്ത മലനിരകളിലെ മരക്കമ്പുകൾ ഓരോന്നായി ചേർത്തു വെച്ച് പല തട്ടുകളായി തിരിച്ചു. മണ്ണൊലിപ്പ് തടയുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് ഓരോ പുൽനാമ്പുകൾ നട്ട് ഹരിത ഭംഗിയിലേക്കുള്ള പടവുകൾ കയറി. കത്തിക്കരിഞ്ഞ മലമേടുകൾ പതുക്കെ പച്ച പുതച്ചു തുടങ്ങി. ഒപ്പം പലവിധ വൃക്ഷതൈകളും തലയുയർത്തി. കാട്ടുതീയെ തുടർന്ന് മറ്റ് ആവാസവ്യവസ്ഥയിലേക്ക് ചേക്കേറിയ കാട്ടുപോത്തും, മാനും, കേഴയും, മുയലുമെല്ലാം തിരികെയെത്തി. വനപാലകരുടെ നിചയദാർഢ്യവും വർഷങ്ങളുടെ കഠിന പരിശ്രമവുമാണ് ഇതിനു പിന്നിൽ.
അഗ്‌നിയിൽ അമർന്ന അൻപത് ഹെക്‌ടറിലധികം വന ഭൂമിയിലാണ്വനം വകുപ്പ് വനവൽക്കരണം നടത്തിയത്. വനവും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം വർഷങ്ങളായി പുതിയൊരു ആവാസവ്യവസ്ഥക്ക് രൂപം നൽകുന്ന തിരക്കിലാണ് ഇടുക്കിയിലെ വനപാലകർ. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മിയുടെ നേതൃത്വത്തിലാണ് വനവൽക്കരണ പദ്ധതികൾ പുരോഗമിക്കുന്നത്. ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോകുമ്പോൾ മഴയും വേനലും വസന്തവും മാറി മറയുമ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും വരും തലമുറക്കായി രാപകൽ വ്യത്യാസമില്ലാതെ ഹരിത കൂടാരം തീർക്കുന്ന തിരക്കിലാണ് ആനമുടി ചോലയിലെ വനപാലകർ.