ഇടുക്കി: മതികെട്ടാന്‍ ചോല ദേശീയ ഉദ്യോനത്തോട് ചേര്‍ന്ന് കിടക്കുന്ന റവന്യു ഭൂമിയില്‍ വീണ്ടും കയ്യേറ്റം. തോണ്ടിമല ഭാഗത്താണ് രണ്ട് ഏക്കറിലധികം ഭൂമി കയ്യേറ്റം നടന്നിരിക്കുന്നത്. 2021 ഓഗസ്റ്റിൽ ഒഴിപ്പിച്ച റവന്യു ഭൂമിയിലാണ് വീണ്ടും കയ്യേറ്റം നടന്നത്.
മതികെട്ടാന്‍ ചോലക്കടുത്ത് റവന്യൂ ഭൂമി കയ്യേറ്റം: കയ്യേറിയത് സംരക്ഷിക്കപ്പെടേണ്ട രണ്ട് ഏക്കറിലധികം ഭൂമി ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ പൂപ്പാറ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 13ല്‍ റീ സര്‍വ്വേ നമ്പര്‍ 212 ബാര്‍ ഒന്നില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്. ബ്ലോക്ക് നമ്പർ പതിമൂന്നിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ റവന്യു പുൽമേടുകൾ എന്നാണ് സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഇവിടം 2020 ൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നതിനാൽ സംരക്ഷിക്കപ്പെടേണ്ട പ്രദേശം കൂടിയാണ്.
മതികെട്ടാന്‍ ദേശീയോദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്നതും ചിന്നക്കനാൽ, സൂര്യനെല്ലി മലനിരകളും ആനയിറങ്കൽ ജലാശയവും ഉൾപ്പെടുന്ന വിശാലമായ കാഴ്‌ചകളും കൊണ്ട് വലിയ രീതിയിൽ ടൂറിസം സാധ്യതകളുള്ള മേഖലയാണിത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിനോദസഞ്ചാര സാധ്യതകള്‍ ലക്ഷ്യം വച്ചാണ്, റവന്യു ഭൂമിയില്‍ വീണ്ടും കയ്യേറ്റം നടക്കുന്നതെന്നാണ് ആരോപണം. മുൻപ് പുൽമേടുകളും നീലകുറിഞ്ഞികളും വെട്ടിത്തെളിച്ചാണ് കയ്യേറ്റം നടത്തിയത് എങ്കിൽ ഇത്തവണ കയ്യേറ്റം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാതിരിക്കാൻ പുൽമേടുകൾക്ക് ഇടയിലൂടെയാണ് ചെയ്‌തിട്ടുള്ളത്.
കരണ വൃക്ഷത്തൈകളും ഓറഞ്ച്, നാരകം തുടങ്ങിയ ഫലവൃക്ഷ തൈകളും കൂടാതെ നീലകുറിഞ്ഞി ഉള്‍പ്പടെ അതീവ പ്രാധാന്യമുള്ള നിരവധി ചെറു സസ്യങ്ങളും കാണപ്പെടുന്ന മേഖലയാണിവിടം. മലമുകളിലെ മണ്ണ് ഇളക്കിയുള്ള വൃക്ഷത്തൈകളുടെ കൃഷി മേഖലയുടെ സ്വാഭാവിക പരിസ്ഥിതി നശിക്കുന്നതിന് ഇടയാക്കും.