ഇടുക്കി ബിഎല്‍ റാവിൽ കാട്ടാന ചെരിഞ്ഞ നിലയില്‍ ഇടുക്കി : ബിഎല്‍ റാവിൽ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏലത്തോട്ടത്തിൽ
താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
സിഗരറ്റ് കൊമ്പന്‍ എന്നറിയപ്പെടുന്ന ആനയാണ് ചെരിഞ്ഞത്. അതേസമയം ബി എൽ റാവിൽ വീണ്ടും അരിക്കൊമ്പന്‍ വീട് തകർത്തു.
ഇന്ന് രാവിലെയാണ് സിഗരറ്റ് കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ചെരിഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
മേഖലയില്‍ കാട്ടാനകളുടെ ആക്രമണം തുടരുകയാണ്. അരിക്കൊമ്പന്‍ കഴിഞ്ഞ രാത്രിയിലും ബി എൽ റാവിൽ നാശം വിതച്ചു. രാത്രിയിലെത്തിയ കാട്ടാന മണി ചെട്ടിയാരുടെ വീട് തകർത്തു. വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികൾ ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
ശബ്‌ദം കേട്ട് ഉണർന്ന തൊഴിലാളികൾ ഇറങ്ങി ഓടിയതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീട് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസം മുൻപ് ബി എൽ റാവിലിറങ്ങിയ കാട്ടാന രണ്ട് വീടുകൾ തകർത്തിരുന്നു. അതിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
പ്രദേശത്ത് ഏലത്തോട്ടത്തിൽ തമ്പടിച്ചിരുന്ന പതിമൂന്നോളം വരുന്ന കാട്ടാനകളെ വനം വകുപ്പ് കാടുകയറ്റിയത് രണ്ട് ദിവസത്തെ പരിശ്രമം കൊണ്ടാണ്. കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് വിശദമായ അന്വേഷണം നടത്തും.