ഇടുക്കി:പ്രദേശവാസികളില്‍ ഭീതി പടര്‍ത്തി മൂന്നാറിലും സമീപപ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുകയാണ്. ലോക്ക് ഡൗണ്‍ നാളുകളില്‍ ടൗണിലിറങ്ങിയ കാട്ടാനകളെ വനപാലകര്‍ കാട്ടിലേക്ക് തുരത്തിയിരുന്നെങ്കിലും വീണ്ടും ആനകള്‍ ഒറ്റ തിരിഞ്ഞും കൂട്ടമായും ജനവാസമേഖലയില്‍ ഇറങ്ങുന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.
മൂന്നാറില്‍ കാട്ടാന ശല്യം രൂക്ഷം - കാട്ടാന ആക്രമണം
ആനകള്‍ കൂട്ടമായും ഒറ്റതിരിഞ്ഞും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പ്രദേശവാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടാന വലിയ നഷ്ടമാണ് പ്രദേശത്ത് വരുത്തിയത്.
കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി കോളനിയില്‍ ഇറങ്ങിയ കാട്ടാന കൂട്ടം പുലര്‍ച്ചെ വരെ ഇവിടെ നിലയുറപ്പിച്ചു. പ്രദേശവാസികളുടെ വാഴ കൃഷി പൂര്‍ണമായി നശിപ്പിച്ച കാട്ടാനകള്‍ ആളുകളുടെ ആശ്രയമായിരുന്ന നടപ്പാതക്കും കേടുപാടുകള്‍ വരുത്തി. മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍, ഇക്കാഗര്‍, പഴയ മൂന്നാര്‍, മൂന്നാര്‍ കോളനി തുടങ്ങിയ ഇടങ്ങളിലെല്ലാം കാട്ടാനകളുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം പഴയ മൂന്നാറിലെത്തിയ ഒറ്റയാന്‍ സര്‍ക്കാര്‍ സ്‌കൂളിന്‍റെ സംരക്ഷണഭിത്തി തകര്‍ത്തിരുന്നു. ഇതുവഴിയെത്തിയ ബൈക്ക് യാത്രികന്‍ തലനാരിഴക്കാണ് ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. കാട്ടാനകളെ തുരത്താൻ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.