വാർഡ് മെമ്പർ സംസാരിക്കുന്നു ഇടുക്കി:ജില്ലയിലെ ജനവാസമേഖലയിൽ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം. ഏലത്തോട്ടങ്ങളിലെ കാട്ടുപടർപ്പുകൾ ഭക്ഷണമാക്കിയാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇടുക്കിയിൽ ഏലത്തിന്‍റെ വിലത്തകർച്ചയെ തുടർന്ന് തോട്ടങ്ങളിലെ കാടുകൾ വെട്ടി നീക്കുന്ന ജോലികൾ കർഷകർ ഉപേക്ഷിച്ചതാണ് ഇതിന് കാരണം.
വേനൽ കടുത്തതോടെ ഭക്ഷണവും വെള്ളവും തേടിയാണ് കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങുന്നത്. ഇങ്ങനെ കാടിറങ്ങിയ കാട്ടാനക്കൂട്ടം ചിന്നക്കനാൽ ബി എൽ റാമിൽ മാത്രം നശിപ്പിച്ചത് 200 ഏക്കറിലധികം ഏലം കൃഷിയാണ്. വനമേഖലയുടെ വാഹക ശേഷിയേക്കാള്‍ വന്യ മൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഇവ കാടിറങ്ങാന്‍ കാരണമാകുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്.
കേന്ദ്ര വനം വന്യജീവി വകുപ്പിന്‍റെ കണക്കുകള്‍ ഇത് ശരി വയ്ക്കുന്നതുമാണ്. കാട്ടാനയുടെ എണ്ണത്തില്‍ 40 ശതമാനത്തിലധികം വർധനവ് ഉണ്ടായതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടൊപ്പമാണ് വരള്‍ച്ചയും രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ബിഎൽറാമിലെ രണ്ട് വീടുകളും പന്നിയാറിലെ റേഷൻകടയും കാട്ടാന തകർത്തിരുന്നു.
തീറ്റയും വെള്ളവും തേടി നാട്ടിലേക്ക്:പുല്‍മേടുകള്‍ ഉണങ്ങിയതോടെ തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ കൂട്ടമായി കാടിറങ്ങുകയാണ്. ഇത് ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത്. ഹൈറേഞ്ചിലെ തോട്ടം മേഖലക്കാണ്. ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞ് നില്‍ക്കുന്നതിനാല്‍ കർഷകർ തോട്ടങ്ങളിലെ ജോലികളും പൂർത്തികരിച്ചിട്ടില്ല.
കാട്ട് പടർപ്പുകൾ പടർന്നു നിൽക്കുന്നതിനാൽ തോട്ടങ്ങളിലെത്തുന്ന കാട്ടാന കൂട്ടം മടങ്ങാത്ത സാഹചര്യമാണ്. ഒപ്പം ഏലച്ചെടികള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാട്ടാന ശല്യം രൂക്ഷമായി തുടരുന്ന ബിഎല്‍റാമില്‍ മാത്രം 200 ഏക്കര്‍ ഏലം കൃഷിയാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്.
വിളവെടുക്കുന്നതിന് പാകമാകുന്ന രീതിയില്‍ ഒരു ഏലച്ചെടി സംരക്ഷിച്ച് എടുക്കുന്നതിന് മൂന്ന് വര്‍ഷത്തോളം വേണ്ടിവരും. നിലവില്‍ വലിയ പ്രതിസന്ധി നേരിടുന്ന സമയത്തുണ്ടായ കൃഷി നാശം കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലും കടക്കെണിയിലേയ്ക്കും തള്ളി വിട്ടിരിക്കുകയാണ്. കാട്ടിലെ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണമെന്നും നാട്ടുകാർ പറയുന്നു.
തുടർച്ചയായി ഇടുക്കിയിലെ തോട്ടം മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടാകുന്നത് വലിയ ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ഏക്കറ് കണക്കിന് കൃഷിയിടങ്ങളാണ് കാട്ടാന വർഷം തോറും നശിപ്പിക്കുന്നത്. കൂടാതെ 2022 മുതൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടമായവരുടെ എണ്ണം 43 ആയി. മതികെട്ടാൻ ചോലയിലെ വനം വകുപ്പ് വാച്ചർ ശക്തിവേലാണ് ഏറ്റവും ഒടുവിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ സംഘടിച്ച് കൊച്ചി - ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ജനപ്രതിനിധികളുമായി ചർച്ച നടത്തിയതോടെ ഉപരോധം അവസാനിപ്പിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനായി ജനുവരി 31ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചർച്ച നടക്കും.
ബിഎൽറാമിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റി: ഇടുക്കി ബിഎൽറാമിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ റാപ്പിട് റെസ്‌പോൺസ് ടീമിന്‍റെയും നാട്ടുകാരുടെയും സഹകരണത്തോടെ തിരികെ കാടുകയറ്റിയിരുന്നു. പത്തോളം ആനകളാണ് രണ്ട് ദിവസങ്ങളിലായി ജനവാസമേഖലയിൽ തമ്പടിച്ചിരുന്നത്. പടക്കം പൊട്ടിച്ചും ബഹളം വച്ചുമാണ് കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയത്.