ഇടുക്കി : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി (K Krishnankutty). വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോള്‍ തരുന്ന ആളുകൾ വില പറയും (Electricity Charge Hike- Minister K Krishnankutty Hints About Increase In Rate). വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി പറഞ്ഞു. രാമക്കല്‍മേട്ടില്‍ (Ramakkalmedu) പുതിയതായി സ്ഥാപിച്ച അഞ്ച് കാറ്റാടികളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വൈദ്യുതി തരുന്ന ആളുകളാണ് വില പറയുന്നത്. വൈദ്യുതി നിരക്ക് കൂട്ടണോ എന്ന തീരുമാനം റെഗുലേറ്ററി കമ്മീഷന്‍ എടുക്കും" -മന്ത്രി പറഞ്ഞു.
വലിയ നിരക്ക് വര്‍ദ്ധനവ് വരില്ല. ചെറിയ രീതിയിലേ വര്‍ദ്ധിപ്പിക്കൂ. അതിനിടെ മഴ പെയ്‌താൽ നിരക്ക് വര്‍ദ്ധനവില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാധ്യതകള്‍ പ്രയോജനപ്പെടുത്തും: ഇടുക്കിയിലെ ഹരിത വൈദ്യുതോര്‍ജ്ജ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ വൈദ്യുതി വകുപ്പ് പദ്ധതികൾ തയ്യാറാക്കുന്നതായി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി പറഞ്ഞു. രാമക്കല്‍മേട്ടില്‍ കാറ്റ്, സോളാര്‍ പദ്ധതികളിലൂടെയും ഇടുക്കി ജലാശയത്തില്‍ ഫ്ലോട്ടിംഗ് സോളാര്‍ പ്ലാന്‍റ് സ്ഥാപിച്ചും 430 മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കാന്‍ സാധിയ്ക്കുമെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ ഹരിത ഊര്‍ജ്ജ ഇടനാഴി സ്ഥാപിയ്ക്കാനും പദ്ധതി ആവിഷ്‌കരിയ്ക്കുമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. രാമക്കല്‍മേട്ടില്‍ പുതിയതായി സ്ഥാപിച്ച അഞ്ച് കാറ്റാടികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.