ഇടുക്കി:ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട് തോട്ടം തൊഴിലാളിയായ സ്‌ത്രീ മരിച്ചു. പ്രദേശത്തെ രണ്ടാം ഡിവിഷനിൽ പതിമൂന്നാം മുറി ലയത്തില്‍ താമസിക്കുന്ന പുഷ്‌പയെന്ന ഭാഗ്യമാണ് (50) അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് ലയത്തിന് പിന്നില്‍ മണ്ണിടിഞ്ഞാണ് സംഭവം.
ഇടുക്കി ഏലപ്പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ സ്‌ത്രീ മരിച്ചു പുലര്‍ച്ചെ നാലിന് ജോലിക്ക് പോകാൻ തയ്യാറെടുക്കവെയാണ് അപകടം. ഭര്‍ത്താവും ബന്ധുക്കളും ഫയര്‍ഫോഴ്‌സിനെയും നാട്ടുകാരെയും വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന്, ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും നടത്തിയ ശ്രമത്തിനൊടുവില്‍ സ്‌ത്രീയുടെ മൃതദേഹം പുറത്തെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.
ജില്ലയിൽ ഇപ്രാവശ്യത്തെ കാലവർഷക്കെടുതിയിലെ ആദ്യമരണമാണ് പുഷ്‌പയുടേത്. വെളുപ്പിന് ഭർത്താവ് രാജുവും മക്കളും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കഴുത്തിന് താഴേക്ക് ശരീരഭാഗം പൂർണമായും മണ്ണിനടിയിൽ അകപ്പെട്ടിരുന്നു. ശക്‌തമായി മണ്ണുവന്ന് പതിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൺട്രോൾ റൂമുകൾ തുറന്നു:കഴിഞ്ഞ രണ്ടുദിവസമായി മേഖലയിൽ ഇടവിട്ട് ശക്‌തമായ മഴയാണുണ്ടായത്. നിലവിൽ ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാഭരണകൂടം ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. ജില്ല അടിസ്ഥാനത്തിലും താലൂക്ക് അടിസ്ഥാനത്തിലും കൺട്രോൾ റൂമുകൾ തുറന്നു.
കാലവർഷം ശക്‌തി പ്രാപിച്ചതോടെ മലയോരമേഖലയില്‍പ്പെട്ട നിരവധി പ്രദേശങ്ങള്‍ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീതിയിലാണ്. ഇതേതുടര്‍ന്ന്, ജില്ല ഭരണകൂടം തിങ്കളാഴ്‌ച ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അപകടമുണ്ടാവാന്‍ സാധ്യതയുള്ള മേഖലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാനും ക്യാമ്പുകൾ തുറക്കാനും സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വീടുകള്‍ തകര്‍ന്നു:ഞായറാഴ്‌ച മുരിക്കാശേരിക്ക് സമീപം പതിനാറാം കണ്ടത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം സംഭവിച്ചിരുന്നു. ഇതില്‍ വീട് ഭാഗികമായി തകര്‍ന്നു. കട്ടപ്പനയിൽ റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്നുവീണ് വീട് ഭാഗികമായി തകർന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്‌തു. മീൻ പിടിക്കാൻ ഇറങ്ങിയ സംഘത്തിലെ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവത്തിൽ തെരച്ചിൽ തുടരുകയാണ്. ദേവിയാർ പുഴയിൽ മീൻ പിടിക്കുന്നതിനിടയിലാണ് സംഭവം.
മച്ചിപ്ലാവ് കളത്തിപറമ്പിൽ തങ്കന്‍റെ മകൻ അഖിലാണ് ( 22) ഒഴുക്കിൽപ്പെട്ടത്. ഇയാള്‍ നിന്നിരുന്ന സ്ഥലത്തെ മണ്ണ് ഇടിഞ്ഞ് പുഴയിൽ പതിക്കുകയിരുന്നെന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയിൽ കല്ലാർ പാലത്തിന് സമീപം മണ്ണിടിഞ്ഞ് വലിയ പാറക്കല്ലുകൾ റോഡിൽ പതിച്ച് ഗതാഗതം തടസപ്പെടുകയുണ്ടായി.