ഇടുക്കി: മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊലപാതകം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. സെപ്‌തംബര്‍ ഒമ്പതിനാണ് ഗുണ്ടുമല എസ്റ്റേറ്റില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ എട്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്.
എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം;കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം - CBI probe
സെപ്‌തംബര്‍ ഒമ്പതിനാണ് ഗുണ്ടുമല എസ്റ്റേറ്റില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. പൊലീസ് അന്വേഷണത്തില്‍ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ന്ന് കേസ് അന്വേഷണം മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മൂന്നാര്‍, രാജാക്കാട്, ശാന്തമ്പാറ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരടങ്ങുന്ന പതിനൊന്നംഗ സംഘത്തെ ഏല്‍പ്പിച്ചു. ഫോറന്‍സിക് വിദഗ്‌ധരെത്തി തെളിവുകള്‍ ശേഖരിച്ച് മടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസ് സംഘം എസ്റ്റേറ്റില്‍ ക്യാമ്പ് ചെയ്‌ത് അന്വേഷണം നടത്തിവരികയാണെന്നും രാസപരിശോധന ഫലം കൂടി ലഭിച്ചാല്‍ കൊലപാതകം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിക്കുമെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.