ഇടുക്കി : പറഞ്ഞും പരാതിപ്പെട്ടും മടുത്തതോടെ കല്ലാര്‍ മാങ്കുളം റോഡില്‍ പാതയോരത്തെ കാഴ്‌ച മറക്കുന്ന പൊന്തക്കാട് സ്വയം വെട്ടിനീക്കി ഒരുസംഘം ഡ്രൈവര്‍മാര്‍ (Drivers Cleaned Kallar Mankulam Road by Cutting Roadside Bushes). ഡ്രൈവര്‍മാരായ ബെന്നി, ഗിരീഷ്, മനോജ്, അരുണ്‍, ബാബു, മധു എന്നിവരാണ് റോഡുവക്കത്തെ കാട് വെട്ടാന്‍ സ്വയം ഇറങ്ങി പുറപ്പെട്ടത്. വിനോദ സഞ്ചാര സീസണാരംഭിച്ച് തിരക്ക് വര്‍ധിക്കുന്നതോടെ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഇവരുടെ വേറിട്ട പ്രവര്‍ത്തനം. കാട് കാഴ്‌ച മറക്കുന്നതിനാല്‍ ഈ മേഖലയില്‍ വാഹനമോടിക്കുക ഏറെ പ്രയാസമുള്ള കാര്യമാണെന്നിവര്‍ പറയുന്നു.
കല്ലാര്‍ മാങ്കുളം റോഡുവക്കില്‍ വലിയ തോതില്‍ പൊന്തക്കാട് വളര്‍ന്ന് നില്‍ക്കുന്നത് പരാതികള്‍ക്ക് ഇടവരുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കാടും പടര്‍പ്പും വെട്ടിനീക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യത്തിനും അത്രത്തോളം തന്നെ പഴക്കമുണ്ട്. എന്നാല്‍ ദിവസവും റോഡ് കാടു മൂടുന്നതല്ലാതെ കാട് വെട്ടുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഇടപെടല്‍ നടത്തിയില്ല. ഇതോടെയാണ് കല്ലാര്‍ മാങ്കുളം റോഡില്‍ പീച്ചാട് മുതല്‍ മാങ്കുളം വരെയുള്ള ഭാഗത്ത് പാതയോരത്തെ കാഴ്ച്ച മറക്കുന്ന പൊന്തക്കാട് വെട്ടിനീക്കാന്‍ ഡ്രൈവര്‍മാര്‍ സ്വയം രംഗത്തിറങ്ങിയത്.