ഇടുക്കി:വേനൽക്കാലത്തും മഴക്കാലത്തും കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് ഒരു ഗ്രാമം. രാമക്കൽമേട് ചക്കക്കാനം - കാറ്റാടിപ്പാടം മേഖലയിലുള്ളവരാണ് കുടിവെള്ളമില്ലാതെ ദുരിതത്തിലായത്. രണ്ട് കുടിവെള്ള പദ്ധതികൾ മേഖലയിൽ ഉണ്ടെങ്കിലും ഒന്നുപോലും ഉപയോഗിക്കുവാൻ ആകാത്ത അവസ്ഥയിലാണ്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കുടിവെള്ള പദ്ധതിയാണ് രണ്ടുവർഷമായി പ്രവർത്തനരഹിതമായത്.
കുടിവെള്ളം കിട്ടാക്കനിയായി ചക്കക്കാനം - കാറ്റാടിപ്പാടം നിവാസികൾ എന്നാൽ പദ്ധതി പുനഃസ്ഥാപിക്കുവാൻ അധികൃതർ ഇതുവരെയും തുനിഞ്ഞിട്ടില്ല. ഇതോടെ മേഖലയിലെ കൂലിപ്പണിക്കാരായ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ട ഗതികേടിലായത്. 2000 ലിറ്റർ വെള്ളത്തിന് 600 മുതൽ 750 വരെ കൊടുത്താണ് ഇപ്പോൾ നാട്ടുകാർ വെള്ളം വാങ്ങുന്നത്.
പണം കൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കുവാൻ നിവൃത്തിയില്ലാത്തവർ ഇവിടെയുള്ള മറ്റൊരു കുടിവെള്ള പദ്ധതിയിൽ പഞ്ചായത്ത് അടിച്ചു കൊടുക്കുന്ന മലിനജലമാണ് കുടിക്കുന്നത്. കൂലിപ്പണിക്കാരായ ഇവിടത്തെ ജനങ്ങൾക്ക് രണ്ട് ദിവസം കൂടുമ്പോൾ വെള്ളം വിലകൊടുത്ത് മേടിക്കാനുള്ള സാമ്പത്തികശേഷി ഇല്ല. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ കൈമലർത്തുകയാണെന്നാണ് ഇവരുടെ പരാതി.
മുൻപ് മഴനിഴൽ പ്രദേശമായി കരുതി പോന്നിരുന്ന മേഖലയാണ് ഇവിടം. വിവിധങ്ങളായ പദ്ധതികൾ അധികൃതർ നടപ്പാക്കിയെങ്കിലും യാതൊരുവിധ പ്രയോജനവും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും വേഗം കുടിവെള്ളം എത്തിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.