ഇടുക്കി:ഇടുക്കി അണക്കെട്ടിന്‍റെ ഡാം ബോട്ടം പ്രദേശമായ മരിയാപുരം പഞ്ചായത്തില്‍ കുടിവെള്ളമെത്തി. സമീപ പ്രദേശങ്ങളിലെ തോടുകളിൽ നിന്നും പാറക്കെട്ടുകളിൽ നിന്നും തലച്ചുമടായി വെള്ളം കൊണ്ടുവന്നിരുന്നവർക്കാണ് ജൽജീവൻ പദ്ധതി വഴി കുടിവെള്ളമെത്തിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണി പ്രദേശത്ത് പതിറ്റാണ്ടുകളായി താമസിച്ചിരുന്നവർക്ക് കുടിവെള്ളം ലഭിച്ചിരുന്നില്ല. ഈ പ്രതിസന്ധിക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിന്‍റെ ഡാം ബോട്ടം പ്രദേശത്ത് കുടിവെള്ളമെത്തി - Drinking water
ജൽജീവൻ പദ്ധതി വഴിയാണ് ഇടുക്കി അണക്കെട്ടിന്‍റെ ഡാം ബോട്ടം പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ നിന്നാണ് ഇവിടെ വെള്ളമെത്തുന്നത്

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതിയുടെ നടത്തിപ്പിനായി കൈകോർത്തതോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമായി. ഇടുക്കി അണക്കെട്ടിൽ നിന്നാണ് ഇവിടെ വെള്ളമെത്തിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഗ്രാമങ്ങളിൽ കുടിവെള്ളമെത്തിക്കുന്നത്.
ഡാം ടോപ്പ് മേഖലയിലെ വീടുകളിലും വെള്ളമെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകൾക്കും ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ജില്ലയിലെ 32 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.