ഇടുക്കി:മറയൂർ ചന്ദന മോഷണം തടയാൻ പ്രത്യേക പരിശീലനം നേടിയ കിച്ചു ( നായ, 11 വയസ്) മരണപ്പെട്ടു. വാർധക്യം മൂലം രാവിലെ ഒമ്പതരയ്ക്കാണ് മരണപ്പെട്ടത്. മറയൂരിൽ ചന്ദന മോഷണം വ്യാപകമായതിനെ തുടർന്ന് 2010ൽ സർക്കാർ നിർദേശപ്രകാരം കിച്ചുവിനെ തൃശൂർ പൊലീസ് അക്കാദമിയിൽ ചേർക്കുകയായിരുന്നു. തുടർന്ന് ഒരു വർഷം ചന്ദനം മാത്രം മണപ്പിച്ച് പരിശീലനം നേടിയെടുത്ത ശേഷം 2011ൽ ആണ് മറയൂരിൽ എത്തിച്ചത്.
കിച്ചു ഒട്ടേറെ ചന്ദന കേസുകളിൽ തൊണ്ടി കണ്ടുകിട്ടാൻ സഹായിച്ചു. 34 കേസുകളാണ് പ്രധാനമായും തെളിയിച്ചത്. ചന്ദന മരം മുറിച്ച വിവരം അറിഞ്ഞാൽ കുറ്റിയെ മണത്ത് മറു കഷണങ്ങളെ തേടി വിദൂരങ്ങളിൽ വരെ എത്തി പിടികൂടിയിട്ടുണ്ട്. മറയൂർ കാന്തല്ലൂർ റേഞ്ചിലും ചിന്നാർ വന്യജീവി സങ്കേതത്തിലും വാഹന പരിശോധനയിലുമാണ് കിച്ചു മിടുക്ക് കാട്ടിയത്.
ചന്ദന കൊള്ളക്കാരെ വിറപ്പിച്ച 'കിച്ചു' ഓർമയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ALSO READ: Adoption Row| ഷിജുഖാനെതിരെയുള്ള പാര്‍ട്ടി നടപടി വിശദീകരിച്ച് ആനാവൂര്‍ നാഗപ്പൻ
ഇന്ത്യയിൽ തന്നെ മറയൂരിൽ ചന്ദന മോഷണം തടയാൻ പ്രത്യേക പരിശീലനം നേടിയെടുത്ത നായയാണ് കിച്ചു. ഒരു വയസ് പ്രായമുള്ള കിച്ചു എട്ടുവർഷം എന്നതിൽ കൂടുതലായി ഒമ്പത് വർഷമാണ് മറയൂരിൽ സേവനമനുഷ്ഠിച്ചത്. രണ്ടുവർഷം വിശ്രമത്തിലായിരുന്നു. കിച്ചുവിന്‍റെ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപേ പെൽവിൻ എന്ന നായയെ പരിശീലിപ്പിച്ച് എടുത്തു. പെൽവിൻ കഴിഞ്ഞ നാലു വർഷമായി മറയൂരിൽ ചന്ദന മോഷണം കണ്ടെത്താൻ സഹായിക്കുന്നുണ്ട്.
കിച്ചുവിന്‍റെ സംസ്കാര ചടങ്ങ് ഔദ്യോഗിക ബഹുമതിയോടെ നാച്ചിവയൽ ഡോഗ് സ്ക്വാഡ് പരിസരത്ത് വച്ച് നടന്നു. മറയൂർ റേഞ്ച് ഓഫിസർ എം.ജി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മരണാനന്തര ചടങ്ങുകൾ.