ഇടുക്കി: ഹൈറേഞ്ച് മേഖലകളില്‍ നീന്തല്‍ പരിശീലനം കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി കയങ്ങള്‍ ഉള്‍പ്പെട്ട പെരിയാറും ചെറുപുഴകളും ജലാശങ്ങളും ഹൈറേഞ്ചില്‍ ധാരാളമുണ്ട്. കുളിക്കാനും മീൻപിടിക്കാനും എത്തുന്നവർ കയങ്ങളില്‍പ്പെട്ട് മരണപ്പെടുന്ന സംഭവങ്ങൾ ഏറുകയാണ്. ആളുകൾക്ക് നീന്തല്‍ വശമില്ലത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മുപ്പതോളം പേരാണ് ഇത്തരത്തില്‍ മരണപ്പെട്ടിട്ടുള്ളത്. ഇതില്‍ 90 ശതമാനവും വിദ്യാര്‍ഥികളാണ്. ഈ പശ്ചാത്തലത്തിലാണ് നീന്തൽ പരീശീലന കേന്ദ്രം എന്ന ആവശ്യം ഉയരുന്നത്.
ഹൈറേഞ്ച് മേഖലകളില്‍ നീന്തല്‍ പരിശീലന കേന്ദ്രം; ആവശ്യം ശക്തമാകുന്നു - ഹൈറേഞ്ച് മേഖല
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മുപ്പതോളം പേരാണ് ജില്ലയിൽ മുങ്ങിമരിച്ചത്. ഇതില്‍ 90 ശതമാനവും വിദ്യാര്‍ഥികളാണ്.
കൂടാതെ നീന്തലില്‍ താല്‍പര്യമുള്ള നിരവധി കായിക വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നടത്തുവാന്‍ അനുയോജ്യമായ കേന്ദ്രങ്ങളും ജില്ലയിൽ ഇല്ല. കയങ്ങളിലും ജലാശയങ്ങളിലും പരിശീലനം നേടി മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പിന്തള്ളപ്പെടുകയാണ്. കുട്ടികളില്‍ നീന്തല്‍ പരിശീലനത്തിന്‍റെ ആവശ്യകത മനസിലാക്കി വാഴത്തോപ്പ് പഞ്ചായത്ത് ഏഴ് വര്‍ഷം മുമ്പ് മാറ്റി സ്ഥാപിക്കാവുന്ന നീന്തല്‍ കുളം പദ്ധതി 10 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയിരുന്നു. എന്നാല്‍ വിവിധ സ്‌കൂളുകളിലേക്ക് നീന്തൽ കുളം മാറ്റി സ്ഥാപിക്കുന്നതിന്‍റെ ബുദ്ധിമുട്ടും ഭരണ കൂടത്തിന്‍റെ ദീർഘ വീക്ഷണമില്ലായ്‌മയും മൂലം പദ്ധതി പരാജയപ്പെട്ടു.
നീന്തൽ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ജില്ലാ ആസ്ഥാനത്ത് ലഭ്യമാണ്. ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം സ്ഥിതി ചെയ്യുന്ന വോളിബോള്‍ അക്കാദമിയോട് ചേര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഏക്കര്‍ കണക്കിന് സ്ഥലമാണ് തരിശായി കിടക്കുന്നത്. ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്ന് സീപ്പേജ് വാട്ടറായി പുറത്തേയ്ക്ക് ഒഴുകി വരുന്ന വെള്ളം ഈ സ്ഥലത്തുകൂടിയാണ് ഒഴുകിപ്പോകുന്നത്. അതിനാൽ ഒരിക്കലും വെള്ളത്തിന്‍റെ ലഭ്യത ഒരു പ്രശ്‌നമാകില്ല.
പദ്ധതിക്കായി ജില്ലാ പഞ്ചായത്തിനോ എംഎൽഎ-എംപിമാർക്കോ പണം അനുവദിക്കാവുന്നതാണ്. പദ്ധതി നടപ്പിലായാൽ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനത്തിനുള്ള കേന്ദ്രം ലഭ്യമാകും. മിടുക്കരായ കുട്ടികള്‍ക്ക് മികച്ച പരിശീലനം ലഭിച്ചാൽ ദേശീയ- അന്തർദേശീയ താരങ്ങളെ വളർത്തിയെടുക്കാൻ ജില്ലക്കാകും. കൂടാതെ നീന്തൽ അറിയാത്തതു മൂലമുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാം.