ഇടുക്കി: രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് കെഎസ്ഇബി ഭൂമി ക്രമവിരുദ്ധമായി പാട്ടത്തിന് നൽകിയതിൽ അഴിമതിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് എം പി . വ്യവസ്ഥകൾ പാലിക്കാതെയാണ് ഭൂമി പാട്ടത്തിന് നൽകിയത് മന്ത്രി എം. എം. മണിയുടെ അറിവോടെയെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നതെന്നും മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
പൊൻമുടി അണക്കെട്ടിന് സമീപം കെഎസ്ഇബി അധീനതയിലിരുന്ന 21 ഏക്കർ ഭൂമിയാണ് മന്ത്രി എം എം മണിയുടെ മകളുടെ ഭർത്താവ് വി എ കുഞ്ഞുമോൻ പ്രസിഡന്‍റായ രാജാക്കാട് സർവ്വീസ് സഹകരണ ബാങ്കിന് പാട്ടത്തിന് നൽകിയത്. ഫെബ്രുവരി 28ന് ചേർന്ന കെഎസ്ഇബി ഫുൾ ബോർഡ് യോഗത്തിലായിരുന്നു ഭൂമി നൽകാൻ തീരുമാനിച്ചത്. ഹൈഡൽ ടൂറിസം ഡിപ്പാർട്ട്മെന്‍റിന്‍റെ റിപ്പോർട്ട് പ്രകാരമായിരുന്നു നടപടി. പാട്ടക്കരാർ നൽകിയതിൽ ആക്ഷേപവുമായി ചിലർ രംഗത്ത് എത്തിയിരുന്നു. ഈ വിഷയമാണ് ഡീന്‍ കുര്യാക്കോസ് എം പി ഉന്നയിച്ചത്.