എ രാജ എംഎല്‍എ സംസാരിക്കുന്നു ഇടുക്കി:മൂന്നാർ, ആനയിറങ്കൽ മേഖലകളിലെ അപകടകാരികളായ ആനകളെ നാടുകടത്താൻ സര്‍വകക്ഷിയോഗത്തിൽ തീരുമാനം. ദേവികുളം എംഎല്‍എ എ രാജയുടെ നേത്യത്വത്തില്‍ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മൂന്നാര്‍ മേഖലയില്‍, രാത്രി - പകൽ വ്യത്യാസമില്ലാതെ ആക്രമണകാരികളായ കാട്ടാനകള്‍ കൂട്ടമായും ഒറ്റതിരിഞ്ഞും എത്തുന്നത് വര്‍ധിച്ചതോടെയാണ് ഈ നീക്കം.
പടയപ്പയടക്കമുള്ള രണ്ട് ആനകളെ നാടുകടത്തണമൈന്ന് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. നിലവില്‍ മൂന്നാര്‍, ചിന്നക്കനാല്‍, ശാന്തന്‍പ്പാറ എന്നിവിടങ്ങളിലായി അഞ്ച് ആനകളാണ് നാട്ടുകാര്‍ക്ക് ദുരിതം വിതച്ച് ഇറങ്ങുന്നത്. ഇതില്‍ ചക്കക്കൊമ്പനും പടയപ്പയും വാഹനങ്ങള്‍ തകര്‍ക്കുന്നത് പതിവാണ്. ചില്ലികൊമ്പൻ, അരികൊമ്പൻ എന്നീ ആനകളും അക്രമകാരികളാണ്.
ടൂറിസം വാഹനം നിരീക്ഷിക്കാന്‍ നിര്‍ദേശം:മുന്നാറിലെ രാത്രികാല വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തില്‍ തീരുമാനമായി. ആനച്ചാല്‍, ചെങ്കുളം, പോതമേട് ലക്ഷ്‌മി, മൂന്നാര്‍ എസ്‌റ്റേറ്റ് മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി വാഹനങ്ങളാണ് വിനോദ സഞ്ചാരികളുമായി നൈറ്റ് സവാരിക്കും നൈറ്റ് ട്രക്കിങ്ങിനുമായി എത്തുന്നത്. വന്യമൃഗങ്ങള്‍ ഏറെ കാണപ്പെടുന്ന മേഖലകളില്‍ എത്തുന്ന സഞ്ചാരികള്‍ അവയുടെ സ്വൈര്യജീവിതത്തിന് തടസമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ആക്രമണകാരികളായ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ വിനോദസഞ്ചാരികളെ ഉപദ്രവിക്കുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്. ഇത്തരം സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണം. ടുറിസം വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിന് പൊലീസിനും ഫോറസ്റ്റിനും ദേവികുളം സബ് കലക്‌ടര്‍ രാഹുല്‍ ക്യഷ്‌ണ ശര്‍മ നിര്‍ദേശം നല്‍കി. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിയന്ത്രണം.